ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് കണക്കുകള്‍

കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത തുടരണം: ജില്ലാ പോലീസ് മേധാവി

ഒന്നര മാസത്തോളം നീണ്ട അടച്ചിടലിനു ശേഷം നിയന്ത്രണങ്ങളോടെ ജനജീവിതത്തിന്റെ വാതിലുകള്‍ തുറന്നിട്ടുവെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. മൂന്നാം ഘട്ട വ്യാപനമെന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അശ്രദ്ധയുണ്ടാവാതെ ജനങ്ങളും, ഇതുമായി ബന്ധപ്പെട്ട കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവാതെ പോലീസും ജാഗ്രത പുലര്‍ത്തണം. ജാഗ്രതയില്‍ ചെറുവീഴ്ചകള്‍ പോലും ഉണ്ടാവാതെ നോക്കണം.
ഇളവുകള്‍ ആഘോഷിക്കാന്‍ ജനങ്ങള്‍ മുതിരരുത്. കോവിഡ് വ്യാപനത്തിന്റെ തീവ്രതയനുസരിച്ച് പ്രാദേശികമായി ചുരുക്കിയ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടണം. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങള്‍ ജില്ലയിലില്ല. സി വിഭാഗത്തില്‍ വരുന്ന (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20-30 ശതമാനം) തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ നാലെണ്ണമാണുള്ളത്. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണമ്മൂഴി പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഇവിടങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രംരാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. വസ്ത്രശാലകള്‍, ചെരിപ്പ് കട, ജുവലറി, ബുക്ക് ഷോപ്പുകള്‍, റിപ്പയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവ വെള്ളിയാഴ്ച്ചകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ 50 ശതമാനം ജീവനക്കാരെ വച്ചു പ്രവര്‍ത്തിപ്പിക്കാം.
8 മുതല്‍ 20 ശതമാനം വരെ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലാണുള്ളത്. ഇക്കൂട്ടത്തില്‍ പെടുന്ന ജില്ലയിലെ പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഈ സമയങ്ങളില്‍ 50 ശതമാനം ആളെവച്ചു പ്രവര്‍ത്തിക്കാവുന്നതാണ്. ടി പി ആര്‍ 8 ശതമാനം വരെ വരുന്ന (എ വിഭാഗം )പഞ്ചായത്തുകളില്‍ എല്ലാ കടകള്‍ക്കും 7 മണി മുതല്‍ 7 വരെ പകുതി ജീവനക്കാരെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇവിടങ്ങളില്‍ മാത്രമാണ് ടാക്സി ഓട്ടോ സര്‍വീസ് അനുമതിയുള്ളത്.
അതിതീവ്ര വ്യാപന മേഖലകളില്‍ ഒഴികെ ലോട്ടറി കച്ചവടം അനുവദിച്ചിട്ടുണ്ട്. ടിപിആര്‍ 30 ന് പുറത്തുള്ള പഞ്ചായത്തുകള്‍( ഡി വിഭാഗം )ജില്ലയിലില്ല. സി ഗണത്തില്‍ പെടുന്ന പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ തുടരും, പോലീസ് പരിശോധന കര്‍ശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ലംഘനങ്ങള്‍ ഉണ്ടാവാതിരിക്കാനും, ആള്‍ക്കൂട്ടങ്ങള്‍ തടയാനും ശക്തമായ നടപടികള്‍ തുടരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിപിആര്‍ ഇരുപതില്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന പരിശോധനയ്ക്കും നിരീക്ഷണത്തിനും നിര്‍ദേശിച്ചതായും ജിലാ പോലീസ് മേധാവി വ്യക്തമാക്കി.

യാത്രകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിപ്പിച്ച യാത്രകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും, അത് പോലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ടിപിആര്‍ നിരക്ക് 8 ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളിലേക്കും ഭാഗിക ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍, സത്യപ്രസ്താവന കരുതേണ്ടതാണ്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേക്ക് ചികിത്സ ആവശ്യങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങ്, നിര്‍മാണപ്രവര്‍ത്തനം, വ്യവസായികാവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര അനുവദിക്കും. പോലീസ് പാസ് നിര്‍ബന്ധമാണ്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളിലേക്കും, നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമാണ്. പാസുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ തയാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും പാസ് ലഭിക്കും. പേര്, വിലാസം, യാത്രാ ആവശ്യം തുടങ്ങി എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വേണം അപേക്ഷ നല്‍കേണ്ടത്.

മദ്യവില്‍പ്പന ശാലകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും

എല്ലാ മദ്യവില്പന ശാലകളിലും കൈകഴുകാനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ സജ്ജീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ വ്യവസ്ഥകളില്‍ അലംഭാവം അനുവദിക്കില്ല.
ടിപിആര്‍ ഇരുപതില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. തിരക്ക് നിയന്ത്രണാതീതമായാല്‍ പോലീസ് ഇടപെടും. പട്രോളിംഗ് ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാര്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തനാനുമതി. ബീവറേജസ് ഔട്ലെറ്റുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല, പാഴ്സല്‍ മാത്രം.
ക്ലബ്ബുകളിലെ ബാറുകള്‍ക്ക് അനുമതിയില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ കള്ളുഷാപ്പുകള്‍ ഒഴികെയുള്ളവ തുറക്കില്ല. ജീവനക്കാരും, മദ്യം വാങ്ങാന്‍ എത്തുന്നവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. മദ്യം വില്‍ക്കുന്ന ഇടങ്ങളുടെ പരിസരങ്ങള്‍ അണുവിമുക്തമാക്കണം. സാമൂഹിക അകലം പാലിക്കാനുള്ള അടയാളം, ബാരിക്കേഡ് എന്നിവ ഉണ്ടാവണം.

നാട് അടച്ചിട്ടപ്പോള്‍ കേസുകള്‍ കുറഞ്ഞു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാട് അടച്ചിടപ്പെട്ടപ്പോള്‍ ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് കണക്കുകള്‍. കൊലപാതകം, വധശ്രമം, കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ എന്നീ കുറ്റകൃത്യങ്ങളില്‍ ഇക്കാലയളവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മേയ് ആറു മുതല്‍ ഈമാസം ആറു വരെയുള്ള കാലയളവിലും, തൊട്ടുമുമ്പുള്ള ഒരുമാസക്കാലവും ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടായ കേസുകളുടെ താരതമ്യ പഠനം നടത്തിയപ്പോഴാണ് പല കേസുകളിലും കുറവ് കണ്ടത്. കവര്‍ച്ച, മോഷണം, വാഹനമോഷണം വിശ്വാസവഞ്ചന, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായി.
വാഹനഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടത് കാരണം റോഡ് അപകടങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി. അപകടകരമായി വാഹനമോടിച്ചതിനു ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 58 കേസുകള്‍ മാത്രം, എന്നാല്‍ മുന്‍മാസം 7 ഇരട്ടിയിലധികമായിരുന്നു കേസുകള്‍. മരണകാരണമാകും വിധമുള്ള ഡ്രൈവിംഗിന് ഒരു കേസ് മാത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ടായതെങ്കില്‍ തൊട്ടു മുന്‍ മാസം ഇത് 11 ആയിരുന്നു. മേയ് 6 മുതല്‍ ജൂണ്‍ 6 വരെ വാഹനാപകടങ്ങളും കുറഞ്ഞു, 72 കേസുകള്‍. തലേമാസമാകട്ടെ 182 കേസുകളെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സ്ത്രീകളെ അപമാനിച്ചതിന് ലോക്ക്ഡൗണ്‍ കാലത്ത് എടുത്തത് 4 കേസുകള്‍ ആണ്, ഏപ്രില്‍ 5 മുതല്‍ മേയ് 5 വരെ 7 കേസുകള്‍ റിപ്പോര്‍ട്ടായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനെതിരായി രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസുകള്‍ കുറഞ്ഞത് എടുത്തുപറയേണ്ടതാണ്. ജൂണ്‍ 6 വരെയുള്ള ഒരുമാസം ഒരു കേസ് മാത്രമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്, അതേസമയം, മുന്‍മാസം 5 കേസുകള്‍ എടുത്തിരുന്നു. മാനഭംഗത്തിന് 2 കേസുകള്‍ എടുത്തു, മുന്‍മാസം 3 ആയിരുന്നു. കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചതിനുള്ള കേസുകള്‍ അഞ്ചില്‍ നിന്നും മൂന്നായി കുറഞ്ഞപ്പോള്‍ സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റ കൃത്യങ്ങളില്‍ വര്‍ധനയുണ്ടായില്ല.

error: Content is protected !!