കോന്നി സിഎഫ്ആര്‍ഡി ക്യാമ്പസിന്റെ വിപുലീകരണവും വികസനവും നടപ്പാക്കും

 

 

konnivartha.com : കോന്നി സിഎഫ്ആര്‍ഡി(കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്) ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയ്ക്ക് ഒപ്പം സിഎഫ്ആര്‍ഡി ക്യാമ്പസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കാന്‍ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു. ലേഡീസ് ഹോസ്റ്റലിന് ഉള്‍പ്പെടെ കെട്ടിടം നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. മിനി ഭക്ഷ്യ പാര്‍ക്ക് ആരംഭിക്കണമെന്ന ജനീഷ് കുമാര്‍ എംഎല്‍എയുടെ നിര്‍ദേശവും ഗൗരവമായി പരിശോധിക്കും. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കി നല്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നല്കിക്കൊണ്ട് മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയിലെത്തിക്കുക, അതിനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിഎഫ്ആര്‍ഡി പ്രവര്‍ത്തിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ പെരിഞ്ഞൊട്ടയ്ക്കലിലെ 35 ഏക്കര്‍ സ്ഥലമാണ് സിഎഫ്ആര്‍ഡിക്ക് ഉള്ളത്.

ഭക്ഷ്യഗുണനിലവാര പരിശോധനാ ലാബ്, കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി, ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്റര്‍ എന്നിവയാണ് സിഎഫ്ആര്‍ഡിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി നല്കുന്നതും സിഎഫ്ആര്‍ഡിയാണ്. നിരവധി പുതിയ പദ്ധതികളും നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സിഎഫ്ആര്‍ഡി നടത്തിവരികയാണ്. മിനി ഇന്‍ക്യുബേഷന്‍ സെന്റര്‍, ട്രെയിനീസ് ഹോസ്റ്റല്‍ തുടങ്ങിയവയും പ്രവര്‍ത്തനം ആരംഭിക്കത്തക്ക നിലയിലാണ്.

സ്‌കൂള്‍ ഓഫ് ഫുഡ് ബിസിനസ് മാനേജ്മെന്റ് എന്ന പേരില്‍ ഒരു മാനേജ്മെന്റ് പരിശീലന സ്ഥാപനവും ഉടന്‍ ആരംഭിക്കും. എംജി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഫുഡ് ബിസിനസ് മാനേജ്മെന്റില്‍ എംബിഎ കോഴ്സ് ആണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. 60 വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ കഴിയുന്ന നിലയില്‍ കെട്ടിട നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.

സിഎഫ്ആര്‍ഡിയുടെ സമഗ്രവികസനം മുന്‍നിര്‍ത്തി നിലവില്‍ നടക്കുന്ന പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രി നേരിട്ടെത്തണമെന്ന് ജനീഷ് കുമാര്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിനിടെ അഭ്യര്‍ഥിച്ചിരുന്നു. ധാരാളം വികസന സാധ്യതകള്‍ നിലനില്ക്കുന്ന സിഎഫ്ആര്‍ഡിയെ ഒരു മിനി ഭക്ഷ്യ പാര്‍ക്കായി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് സിഎഫ്ആര്‍ഡിയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ് എംഡി അലി അസ്ഗര്‍ പാഷ, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷ ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ, ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍.മോഹനന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

error: Content is protected !!