വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും: വനം മന്ത്രി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കോന്നി നിയോജക മണ്ഡലത്തിൽ കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും വ്യാപക അക്രമണം ജനങ്ങളുടെ ജീവനും, കൃഷിക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് എം.എൽ.എ സബ്മിഷനിൽ പറഞ്ഞു.2 മനുഷ്യ ജീവൻ തന്നെ നഷ്ടപ്പെട്ടു. രൂക്ഷമായ പന്നി ശല്ല്യം കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ടാപ്പിംഗ് നടത്താൻ പോലും തൊഴിലാളികൾക്ക് പോകാൻ കഴിയുന്നില്ല.

നാട്ടിലിറങ്ങുന്ന കാട്ടുപന്നി പിന്നീട് കാട്ടിലേക്ക് മടങ്ങുന്നില്ല. ഇതിൽ നിന്നെല്ലാം കർഷകരെയും, ജനങ്ങളേയും രക്ഷിക്കാൻ കർശനമായ നടപടികൾ ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
വന്യമൃഗ അക്രമണത്തിന് പ്രതിവർഷം 10 കോടി രൂപ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും ഉയർന്ന നിരക്കിൽ നഷ്ട പരിഹാരം നല്കുന്നതും കേരളത്തിലാണ്.
ജനങ്ങളുടെയും കർഷകരുടെയും സംരക്ഷണത്തിനായി 13 ജില്ലകളിൽ വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. സൗരോർജ്ജ വേലികളും, ആന പ്രതിരോധ മതിലുകളും, കിടങ്ങുകളും വന്യമൃഗ കടന്നുകയറ്റം തടയാനായി നിർമ്മിക്കുന്നുണ്ട്. 1980ലെ നിയമ നിർമ്മാണത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ പ്രകാരമാണ് ഇപ്പോൾ നഷ്ടപരിഹാരം നല്കുന്നത്. വന്യജീവി അക്രമണം പല ജില്ലകളിലും രൂക്ഷമായ സാഹചര്യം നിലവിലുണ്ട്.ഇത് പരിഹരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി മറുപടിയിൽ ഉറപ്പു നല്കി.

error: Content is protected !!