കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഊന്നല്‍ നല്‍കി ജില്ലാ ശിശു സംരക്ഷണ വകുപ്പ്

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു;

ഓണ്‍ലൈന്‍ വിദ്യാഭ്യാസം, കോവിഡ് പ്രതിരോധം,
മഴക്കാല പൂര്‍വ്വ ശുചീകരണം എന്നിവ വിലയിരുത്തി

പത്തനംതിട്ട ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചിട്ടുളള 2021 വാര്‍ഷിക പദ്ധതികള്‍, കേന്ദ്ര ധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്നിവ അംഗീകരിക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍
എല്ലാ കുട്ടികള്‍ക്കും പ്രാപ്യമാക്കും

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ജില്ലയിലെ കുട്ടികള്‍ക്ക് അത് പ്രാപ്യമാക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പഠനത്തിനായുളള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നടപടി സ്വീകരിക്കണം. ഇതിലേക്കായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമിതികള്‍ അടിയന്തരമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആസൂത്രണ സമിതി യോഗം യോഗം നിര്‍ദേശിച്ചു.
കോളനികളിലും മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലുമുളള കോവിഡ് രോഗികളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുളള ഡിസിസികളില്‍ എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും മുന്‍കൈ എടുക്കാന്‍ നിര്‍ദേശം നല്‍കി.
ഈ മാസം 15ന് ‘പഞ്ചായത്തില്‍ ഒരു കേന്ദ്രം’ എന്ന നിലയില്‍ ഭിന്നശേഷിക്കാര്‍ക്കായി ജില്ലയില്‍ നടക്കുന്ന വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി മതിയായ ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. രോഗ ലക്ഷണമുളളവരെ ടെസ്റ്റ് ചെയ്യുന്നതിനും ക്വാറന്റൈനില്‍ ഉളളവര്‍ക്ക് ആവശ്യമുളള സാധനങ്ങള്‍ എത്തിക്കുന്നതിനുമുളള നടപടി വാര്‍ഡ്തല സമിതികള്‍ മുഖേന തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ തുടരണം.
കെഎംഎസ്‌സിഎല്‍ ന്റെ നേതൃത്ത്വത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുളള അഞ്ച് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ജില്ലയില്‍ ലഭ്യമാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ യൂണിറ്റുകളുടെ സേവനങ്ങള്‍ എവിടെയെല്ലാമാണ് ലഭ്യമാക്കുന്നത് എന്ന് അറിയിക്കുന്ന മുറയ്ക്ക് ആളുകളെ ടെസ്റ്റിംഗിന് എത്തിക്കുന്നതിനുളള നടപടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളണം.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ പരിപാടി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടേയും ആവശ്യമെങ്കില്‍ പ്രൈവറ്റ് ഡോക്ടര്‍മാരുടേയും സേവനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് നിര്‍ദ്ദേശം അതാത് മെഡിക്കല്‍ ഓഫീസര്‍ മുഖാന്തിരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അറിയിക്കാനും യോഗം നിര്‍ദേശിച്ചു.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതും ഡെങ്കിപ്പനി, എലിപ്പനി എന്നിവ തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

കരുതലില്‍ വ്യത്യസ്ത മാതൃകയായി
രണ്ട് നഗരസഭാ ജീവനക്കാര്‍

ദുരിതാശ്വാസ നിധിയിലേക്ക് സര്‍വീസ് അവസാനിക്കുന്നത് വരെ സംഭാവന നല്‍കി

കോവിഡ് മഹാമാരികാലത്തും മറ്റുള്ളവര്‍ക്കായി കരുതലാകുകയാണ് പത്തനംതിട്ട നഗരസഭയിലെ രണ്ട് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി തങ്ങളുടെ ശമ്പളത്തിലെ 500 രൂപവീതം സര്‍വീസ് കാലഘട്ടം അവസാനിക്കും വരെ നല്‍കാന്‍ തീരുമാനമെടുത്താണ് നഗരസഭാ ജീവനക്കാരായ എസ്.ശ്രീകുമാര്‍, പി.ജയശ്രീ എന്നിവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.
ഇരുവര്‍ക്കും പത്തു വര്‍ഷത്തില്‍ കുറയാത്ത സേവന കാലയളവാണ് ബാക്കിയുള്ളത്. കോവിഡ് ബാധിതരുടെ ബുദ്ധിമുട്ടുകള്‍ നേരില്‍ മനസിലാക്കിയതിനാലാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തത്. മുന്‍പ് രണ്ടുപേരും കോവിഡ് ബാധിതര്‍ ആയിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ സേവനം അവസാനിക്കുന്നതുവരെ ഓരോ മാസവും 500 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനുള്ള സമ്മതപത്രം നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന് കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ആര്‍. സാബു, നഗരസഭാ യൂത്ത് കോഡിനേറ്റര്‍ അജിന്‍ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

ഏനാദിമംഗലം പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടുള്ള ജനകീയ ഹോട്ടല്‍ ഇളമണ്ണൂര്‍ എല്‍.പി.എസ് ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി സ്വാഗതം ആശംസിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗങ്ങളായ ബീന പ്രഭ, കൃഷ്ണ കുമാര്‍, അജോമോന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍.ബി രാജീവ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ഉദ്യോഗസ്ഥര്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടികളുടെ മാനസിക ഉല്ലാസത്തിന്
ഊന്നല്‍ നല്‍കി ജില്ലാ ശിശു സംരക്ഷണ വകുപ്പ്

കുട്ടികളുടെ മാനസീക ഉല്ലാസത്തിനായി
വിവിധങ്ങളായ മത്സരങ്ങള്‍

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ജില്ലയില്‍ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളാണ് നടപ്പിലാക്കിവരുന്നത്.

സര്‍ഗവസന്തം 2021, ഹാഷ് ടാഗ് ക്യാമ്പയിന്‍

ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനായി പ്രത്യേക പരിഗണന നല്‍കുന്നതിനായി വനിതാ ശിശുവികസന വകുപ്പും യുണിസെഫും ചേര്‍ന്നു കുട്ടികളുടെ മാനസിക ഉല്ലാസത്തിനായും മാനസിക ശാരീരിക വികാസത്തിനുമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന, ഡാന്‍സ്, ക്രാഫ്റ്റ്, ഫാമിലി ചലഞ്ച്, എക്‌സിബിഷന്‍ എന്നീ വിഷയങ്ങളില്‍ ഹാഷ് ടാഗ് ക്യാമ്പയിന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 0468 – 2319998, 8590726967 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗവാസനകള്‍ വികസിപ്പിക്കുന്നതിനായി ഐ ക്യാന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നതിനായുള്ള ക്രമീകരണങ്ങളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ഇ-കൂട്ടം എന്ന മൂന്നു ദിവസ മണ്‍സൂണ്‍ ക്യാമ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌പെഷല്‍ പ്രോജക്ടായ കാവല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികള്‍ക്കുവേണ്ടി അവരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി മേരാ കി എന്ന സ്‌പെഷ്യല്‍ പ്രോഗ്രാം നടത്തി. ബോധവത്കരണ ക്ലാസുകള്‍, ഡിബേറ്റ്, വീഡിയോസ്, ചിത്രരചന, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികളാണ് മേരാകി യില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ് അറിയിച്ചു.

ബോധവത്കരണ പരിപാടികള്‍

കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സംഘടിപ്പിക്കുണ്ട്്. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, കോവിഡ് കാലത്ത് ജാഗ്രതയോടെയിരിക്കുന്നതിനും സുരക്ഷയ്ക്കുമായുള്ള ക്ലാസുകള്‍, ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടുപോയ കുട്ടികള്‍ക്കായി ലോക്ഡൗണ്‍ ആക്റ്റിവിറ്റികള്‍, കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍, കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയില്‍ ശ്രദ്ധിക്കേ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണ ക്ലാസുകള്‍ നടത്തിവരുന്നത്. സമകാലിക വിഷയങ്ങളില്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കി ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ നേത്യത്വത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസുകളും വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു. കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ സംബന്ധിച്ചും അവരുടെ വെല്ലുവിളികള്‍ കണ്ടെത്തുന്നതിനായി ഓണ്‍ലൈന്‍ സ്റ്റാറ്റസ് സര്‍വേ നടന്നുവരുന്നു.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനുമായി ചേര്‍ന്ന് ബാല്‍സ്വരാജ് വെബ് പോര്‍ട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്തുവരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജില്ലയില്‍ മാതാപിതാക്കള്‍ ഇരുവരും നഷ്ടപ്പെട്ട രണ്ടു കുട്ടികള്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!