മാനത്ത് മഴക്കാറുകണ്ടാല്‍ മലയോരം കിടുങ്ങും

മാനത്ത് മഴക്കാറുകണ്ടാല്‍ മലയോരം കിടുങ്ങും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ കിഴക്കന്‍ മാനത്ത് മഴക്കാറ് കണ്ടാല്‍ മലയോര നിവാസികളുടെ ഉള്ളം കിടുങ്ങും . നിനച്ചിരിക്കാതെ എത്തുന്ന മല വെള്ളം അച്ചന്‍ കോവില്‍ നദിയിലൂടെയും കല്ലാറിലൂടെയും ഏത് സമയത്തും ആര്‍ത്ത് എത്തുമെന്നതിനാല്‍ നദീ തീരവാസികള്‍ ആണ് ഏറെ ഭയപ്പെടുന്നത് . കോന്നി ,തണ്ണിത്തോട് മേഖലയിലൂടെ ഒഴുകുന്ന രണ്ടു നദികള്‍ ആണ് അച്ചന്‍ കോവിലും കല്ലാറും .

കല്ലേലി അരുവാപ്പുലം കോന്നി വഴി അച്ചന്‍ കോവില്‍ നദിയും തണ്ണിത്തോട് വഴി കല്ലാറും ഒഴുകുന്നു . ഇരു നദികളും ഉത്ഭവിക്കുന്നത് കിഴക്കന്‍ മലയില്‍ ആണ് . ഇവിടെ നിന്നും ഒഴുകി വരുന്ന വെള്ളത്തിന് മല വെള്ളം എന്നാണ് ദേശക്കാര്‍ പേര് നല്‍കി വരുന്നത് .

നദിയുമായി അടുത്ത ബന്ധം ഉള്ള തീരവാസികള്‍ മഴയുടെ കോള് കണ്ടാല്‍ തന്നെ ഉറക്കം കളഞ്ഞ് ആറ്റു തീരത്ത് ഇരുന്നു നേരം വെളുപ്പിക്കും . അല്‍പ്പം വെള്ളം കൂടിയാല്‍ “കൂക്ക്” വിളിച്ച് അടുത്ത ആളുകളെ വെള്ളത്തിന്‍റെ നില അറിയിയ്ക്കും .
ഈ രണ്ടു നദികളിലും വെള്ളത്തിന്‍റെ ഉയര്‍ച്ച അറിയുവാന്‍ കൃത്യമായ ഉപകരണം ഇല്ല .
പലപ്പോഴും വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത അനുഭവിച്ചവര്‍ ആണ് ഈ മേഖലയില്‍ ഉള്ളവര്‍ .
മലയില്‍ (വനത്തില്‍ ) മഴ പെയ്താല്‍ ഇരു നദിയിലും നിമിഷങ്ങള്‍ക്കകം വെള്ളം ഉയരും . വെള്ളത്തില്‍ വലിയ തടികള്‍ ഉള്‍പ്പെടെ ഒഴുകി വരും . വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കുവാന്‍ ഉള്ള ശാസ്ത്രീയ മാര്‍ഗം വേണം എന്നാണ് നിവാസികളുടെ ആവശ്യം .

error: Content is protected !!