പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് പ്രതിരോധ വാര്‍ത്തകള്‍ (07/06/2021 )

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് പ്രതിരോധ വാര്‍ത്തകള്‍ (07/06/2021 )

40 മുതല്‍ 44 വയസു വരെയുള്ളവരുടെ വാക്സിനേഷന്‍ നാളെ (8) മുതല്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 40 മുതല്‍ 44 വയസു വരെയുള്ളവരുടെ വാക്സിനേഷന്‍ ( ജൂണ്‍ 8) തുടങ്ങും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ജില്ലയിലെ ഏഴ് മേജര്‍ ആശുപത്രികള്‍, ഒന്‍പത് ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വാക്സിന്‍ നല്‍കുന്നത്.
ഒരു വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒരു ദിവസം 50 പേര്‍ക്കു വീതമാണ് വാക്സിന്‍ നല്‍കുന്നത്.ഇ തിനായി www.cowin.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന്റെ ലഭ്യത അനുസരിച്ച് വാക്സിനേഷന്‍ തുടരും.

നിലവാരമില്ലാത്ത എന്‍95 മാസ്‌കുകള്‍ പിടിച്ചെടുത്തു; 15,000 രൂപ പിഴ ഈടാക്കി

അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് ്ക്വാഡ് പരിശോധന നടത്തി. അടൂര്‍, പറക്കോട്, കൊടുമണ്‍ മേഖലകളിലെ 12 മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് പരിശോധനയില്‍ നിയമാനുസൃത രേഖപ്പെടുത്തലുകളില്ലാത്തതും നിലവാരമില്ലാത്തതുമായ എന്‍ 95 മാസ്‌കുകള്‍ പിടിച്ചെടുക്കുകയും 15,000 രൂപ പിഴയീടാക്കുകയും ചെയ്തു.
പരിശോധനയില്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം.അനില്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അതുല്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ദിലീപ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ടി.എസ് സുരേഷ് ബാബു, അസി.ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ആദിവാസി ഊരുകളില്‍ എത്തി വാക്സിനേഷന്‍ നല്‍കും

ആദിവാസി ഊരുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി വാക്സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ആണ് വിഷയം അവതരിപ്പിച്ചത്.
ആദിവാസി ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ എത്തി വാക്സിനേഷന്‍ എടുക്കുക പ്രായോഗികമല്ല. അതിനാല്‍ ഇവര്‍ താമസിക്കുന്ന ഇടത്തേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ എത്തണമെന്നാണ് എംഎല്‍എ അഭ്യര്‍ഥിച്ചത്. ഇതിന് മറുപടിയായാണ് മന്ത്രി ഉറപ്പുനല്‍കിയത്.

വിവാഹ ആഘോഷം ഒഴിവാക്കി; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വിവാഹ ആഘോഷം ഒഴിവാക്കി 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായിരിക്കുകയാണ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അടൂര്‍ പറക്കോട് ഭാരതവിലാസം വീട്ടില്‍ പ്രൊഫ.ആര്‍.ശങ്കര നാരായണന്‍പിള്ള. മകളുടെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കിയ ശേഷം 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു.
വിവാഹനാളില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ തുകയുടെ ചെക്ക് ഏല്‍പ്പിച്ചു. എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കി 20 പേര്‍ മാത്രം പങ്കെടുക്കുന്ന രീതിയില്‍ വീട്ടില്‍ തന്നെ ലളിതമായാണ് വിവാഹം നടത്തിയത്.
തുക കൈമാറുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സിപിഐ അടൂര്‍ മണ്ഡലം സെക്രട്ടറി എഴംകുളം നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറെ മഹത്തരമായ കാര്യമാണ് പ്രൊഫസര്‍ ശങ്കരനാരായണപിള്ള ചെയ്തതെന്നും മറ്റുള്ളവരും വിവാഹ ആഘോഷവേളകള്‍ ഇതേപോലെ മാതൃകാപരമായി നടത്തുണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ സുസജ്ജം

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് 8.27 കോടി രൂപ വകയിരുത്തി 111 പദ്ധതികളാണ് തയ്യാറാക്കി നടപ്പിലാക്കി വരുന്നത്. സിഎഫ്എല്‍ടിസി, സിഎല്‍ടിസി, ഡിസിസി എന്നിവിടിങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിനും പിഎച്ച്‌സി കളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ സിഎസ്എല്‍ടിസി യും, ആനിക്കാട്, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി, റാന്നി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസി യും നടത്തിവരുന്നു. ബാക്കി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഡിസിസി സജ്ജമാണ്.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും 24 മണിക്കൂറും സേവനം ലഭ്യമാക്കത്തക്ക വിധത്തില്‍ ഹെല്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും 24 മണിക്കൂറും ആംബുലന്‍സ് സൗകര്യവും മറ്റ് അനുബന്ധവാഹനങ്ങളുടെ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ ഗ്രാമപഞ്ചായത്തിലും വാര്‍ഡ്തല സമിതികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ നേതൃത്വം നല്‍കുന്നു. വാര്‍ഡ്തല സമിതികള്‍, റാപ്പിഡ് റെസ്‌പോണ്ട്‌സ് ടീം (ആര്‍ആര്‍ടി), സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ സംയോജിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, നോഡല്‍ ഓഫീസര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തിലുളള കോര്‍ കമ്മിറ്റികള്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകളും, കോവിഡ് ടെസ്റ്റിംഗ് ക്യാമ്പുകളും നടത്തിവരുന്നു.

സെക്ടറല്‍ മജിസ്ട്രേറ്റുമാരായി 62 ഉദ്യോഗസ്ഥരെ നിയോഗിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും സെക്ടറല്‍ മജിസ്ട്രേറ്റുമാരായി 62 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് കരുതലായി ഇലന്തൂര്‍ ബ്ലോക്ക്;ഗൃഹവാസ പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോവിഡ് ബാധിതരായ അതിഥി തൊഴിലാളികള്‍ക്കായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് വനിതാ ഹോസ്റ്റലില്‍ സജ്ജീകരിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ(ഡിസിസി) ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി അധ്യക്ഷയായിരുന്നു.
പ്രാരംഭമായി വനിതകള്‍ക്ക് 10 കിടക്കകളും പുരുഷന്മാര്‍ക്ക് 20 കിടക്കകളുമാണ് സജീകരിച്ചിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലു പുന്നക്കാട് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പി.വി അന്നമ്മ,
വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഭിലാഷ് വിശ്വനാഥ്, മറ്റ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബ്ലോക്ക് സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇലന്തൂര്‍ സൂഹികാരോഗ്യ കേന്ദ്രം ഡോ. നയന, സ്റ്റാഫ് നേഴ്‌സ് സുമ എന്നിവര്‍ വോളന്റീയര്‍മാര്‍ക്കുള്ള പരിശീലനം നല്‍കി.

error: Content is protected !!