കല്ലേലി വയക്കരയിലെ “ഒറ്റയാനെ” സ്നേഹപൂര്‍വ്വം ഒന്ന് മെരുക്കണം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഞായറാഴ്ച കണ്ണാടി”

അരുവാപ്പുലം കല്ലേലി വയക്കരയിലെ “ഒറ്റയാനെ” ഒന്ന് മെരുക്കണം

അഗ്നി ആഗ്നസ് @കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളെ വാരികുഴിയില്‍ അകപ്പെടുത്തികുഴി ഇടിച്ച് വക്ക വടം കൊണ്ട് വരിഞ്ഞു മുറുക്കി ഇടവും വലവും താപ്പാനകളുടെ അകമ്പടിയോടെ ആചാര അനുഷ്ഠാനത്തോടെ കോന്നി ആന കൂട്ടിലെ കമ്പക കൂട്ടില്‍ അടച്ച് കാര വടിയുടെ ബലത്തില്‍ ആനച്ചട്ടം പടിപ്പിച്ച് നാട്ടാനയായി പരിവര്‍ത്തനം ചെയ്യിക്കുന്ന കോന്നിക്കാരുടെ ആന പരിശീലന മുറകള്‍ ഒന്നും തന്നെ ഈ കാട്ടു കൊമ്പന്‍റെ അടുത്തു ചിലവാകുന്നില്ല .

കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി . രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷ ലതാതികള്‍ തല കുനിക്കുന്നു .

രാവേറെ ചെന്നാല്‍ ഇരുള്‍ പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം . ആനച്ചൂരിന്‍റെ അകമ്പടിയോടെ അവന്‍ കാടിറങ്ങി വരും . പിന്നെ ഏഴര വെളുപ്പിനെ വരെ അവന്‍റെ സാമ്രാജ്യമാണ് വയക്കര ദേശം .
ചക്കയുടെ കാലമാണെങ്കില്‍ അവന് കുശാല്‍ . പ്ലാവായ പ്ലാവുകളുടെ ചുവട്ടില്‍ എത്തി ചക്ക അകത്താക്കുന്ന ഈ കാട്ടു കൊമ്പന്‍ ഇന്നേ വരെ ആരെയും ഉപദ്രവിച്ചിട്ടില്ല .
രാത്രി യാമങ്ങളില്‍ നാട്ടു ശാനന്‍മാരുടെ കുര കേട്ടാല്‍ പഴമക്കാര്‍ പിറുപിറുക്കും “അവന്‍ ഇറങ്ങി ”

അള്ളൂങ്കലും നീരാമക്കുളവും,കാട്ടാത്തിയും , അപ്പൂപ്പന്‍ തോടും,കുറിച്ചിയും ഉള്‍പ്പെടുന്ന കൊക്കാത്തോട് ഗ്രാമത്തിന്‍റെ പ്രവേശന കവാടം . ഇത് വയക്കര . അച്ചന്‍ കോവില്‍ ഗിരി നിരകളും വനവും ചുറ്റപ്പെട്ട വനാന്തര ഗ്രാമം.മണ്ണിനെയും മരങ്ങളെയും ജന്തു ജാലങ്ങളെയും സ്നേഹിക്കുന്ന ഒരു പിടി നാട്ടു മനുഷ്യര്‍ കുടിവെച്ച ഇടം .
കാട്ടു പന്നികളുടെ വിഹാര ഭൂമികയാണെങ്കിലും നട്ടു നനച്ച് വളര്‍ത്തിയ വിഭവങ്ങളുടെ ഒരു പങ്ക് അവര്‍ക്ക് കൂടി അവകാശപ്പെട്ടത് ആണെന്ന് തറപ്പിച്ചു പറയുന്ന സാധാരണ ആളുകള്‍ വസിക്കുന്ന ഇടം .
ഇവിടേയ്ക്ക് ആണ് ഏറെ നാളായി ഒറ്റയാന്‍ കടന്നു വന്നത് . കാര്‍ഷിക വിളകളില്‍ ആണ് നോട്ടം .ചക്കയ്ക്ക് പുറമെ മറ്റ് വിളകളും അകത്താക്കി മടക്കം . ഇടയ്ക്കു ഇടയ്ക്കു കാടിളക്കി എത്തും .എല്ലാ പറമ്പിലും ഒന്നു ചുറ്റിയടിക്കും . പുലരും മുന്നേ സലാം പറഞ്ഞു പിരിയും .
താന്‍ വന്നത് നാലാളുകളെ അറിയിക്കാന്‍ കവുങ്ങ് ഒരെണ്ണം എങ്കിലും പിഴുത് എറിയും . കഴിഞ്ഞ രാത്രിയിലും അവന്‍ എത്തി .വയക്കരയിലെ അരുണിന്‍റെ പറമ്പിലെ കവുങ്ങുകളെ നന്നായി ഒന്നു “പ്രണയിച്ച “ശേഷമാണ് മടങ്ങിയത് .അവന്‍ ഇനിയും വരും . അവന്‍ വരുന്നതും പോകുന്നതും സന്തോഷത്തോടെ പറയുന്ന ഗ്രാമവാസികള്‍ ഉണ്ടെങ്കില്‍ അത് വയക്കര നിവാസികളാണ് .

error: Content is protected !!