കോന്നി മെഡിക്കല്‍ കോളേജില്‍ ഫയര്‍ അലാറം സ്ഥാപിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സംവിധാനത്തിന്‍റെ ഭാഗമായി ഫയർ അലാമും, സ്മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കനേഡിയൻ കമ്പനിയായ സീമെൻസ് നിർമ്മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഒരു കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജിൻ്റെ എല്ലാ ഭാഗവും ഉൾപ്പെടുത്തുന്ന നിലയിലാണ് അലാം സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജിനുള്ളിൽ ഏതെങ്കിലും ഭാഗത്ത് തീയോ, പുകയോ ഉണ്ടായാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ അലാം കേൾക്കുന്നതാണ് അലാം സിസ്റ്റത്തിന്‍റെ പ്രവർത്തനം.കൂടാതെ കൺട്രോൾ റൂമിലെ ഡിസ്പ്ലേ പാനലിൽ ഏതു ഭാഗത്താണ് തീയോ, പുകയോ ഉണ്ടായതെന്ന് എഴുതി കാണിക്കുകയും ചെയ്യും.

പൊതുജനങ്ങൾക്കും, ജീവനക്കാർക്കും അപകടകരമായ എന്തെങ്കിലും കാര്യങ്ങൾ ആശുപത്രി കെട്ടിടത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കണ്ടാൽ ഉടൻ തന്നെ പുളളിംഗ് സ്വിച്ച് ഉപയോഗിച്ച് കൺട്രോൾ റൂമിൽ അറിയിക്കാം.ഇതിനായുള്ള സ്വിച്ച് എല്ലാ ഭാഗത്തും ഭിത്തിയിൽ സ്ഥാപിച്ചിട്ടുമുണ്ട്.
മെഡിക്കൽ കോളേജിൽ എല്ലാ വിധ സുരക്ഷാ സംവിധാനവും ഉറപ്പാക്കുന്നത്തിന്‍റെ ഭാഗമായാണ് അലാം സിസ്റ്റം സ്ഥാപിച്ചതെന്ന് എം.എൽ.എ പറഞ്ഞു. ഏറ്റവും സുരക്ഷിതമായും, രോഗീ സൗഹൃദമായും മെഡിക്കൽ കോളേജ് ആശുപത്രിയെ മാറ്റിത്തീർക്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!