കോന്നി മെഡിക്കൽ കോളേജിൽ ആധുനിക എക്സറേ യൂണിറ്റ് കമ്മീഷൻ ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എക്സ് റേ സംവിധാനം നിലവിൽ വന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എക്സ് റേ യൂണിറ്റിന്‍റെ കമ്മീഷനിംഗ് നിർവ്വഹിച്ചു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു.

എം.എൽ.എയുടെ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജിൽ എക്സറേ സംവിധാനം ഏർപ്പെടുത്തിയത്. ചണ്ഡിഗഡ് ആസ്ഥാനമായ അലഞ്ചേഴ്സ് മെഡിക്കൽ സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിച്ച ഹൈ ഫ്രീക്വൻസി എക്സറേ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസ് നിർമ്മിച്ച കാസറ്റ് റെക്കോർഡർ സിസ്റ്റവും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. എക്സറേയുടെ ഡിജിറ്റൽ ഇമേജാണ് ലഭ്യമാകുക. 50 കിലോവാട്ട് എക്സറേ ജനറേറ്ററും, 65 കെ.വി.സ്റ്റെബിലൈസറും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട് .

www.konnivartha.com
ജില്ലയിൽ തന്നെ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും ആധുനിക സംവിധാനമാണ് റേഡിയോളജി ഡിപ്പാർട്ട്മെൻ്റിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. നിലവിൽ രോഗികൾ പുറത്തു നിന്നും എക്സറേ എടുത്ത് എത്തിക്കുകയായിരുന്നു.പുതിയ എക്സറേ സംവിധാനം നിലവിൽ വന്നതോടെ ജനങ്ങൾക്ക് കൂടുതൽ സഹായകമാകും.

റേഡിയോളജി ഡിപ്പാർട്ട് മെന്‍റിന്  ആവശ്യമായ സ്കാനിംഗ് സംവിധാനവും ഉടൻ തന്നെ നിലവിൽ വരുമെന്ന് ജനീഷ് കുമാർ പറഞ്ഞു. അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനാവശ്യമായ പണവും എം.എൽ.എ ഫണ്ടിൽ നിന്നും നല്കിയിട്ടുണ്ട്.സി.റ്റി സ്കാൻ, എം.ആർ.ഐ സ്കാൻ ഉൾപ്പടെയുള്ള സംവിധാനങ്ങളും അടിയന്തിരമായി സ്ഥാപിക്കും.240 കിടക്കകൾ ഉള്ള
കോവിഡ് സെക്കന്‍ററി  ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിക്കുമ്പോൾ എക്സറേ സംവിധാനം ആരംഭിച്ചത് വളരെ പ്രയോജനകരമാകുമെന്നും ജനീഷ് കുമാർ പറഞ്ഞു.

യോഗത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണിയമ്മ രാമചന്ദ്രൻ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!