പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്‍റില്‍ ഉല്‍പാദനം വര്‍ധിപ്പിക്കും

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. കോവിഡ് വിഭാഗത്തില്‍ കിടക്കകള്‍ വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു.

നിലവില്‍ പ്ലാന്റിലെ കണ്‍ട്രോള്‍ പാനലില്‍ 12 മാനിഫോള്‍ഡുകളാണുള്ളത്. രണ്ട് മാനിഫോള്‍ഡുകള്‍ റിസര്‍വായും പ്രവര്‍ത്തിക്കുന്നു. ഒരു സമയം ആറ് സിലണ്ടറുകളില്‍ ഘടിപ്പിച്ചിട്ടുളള മാനിഫോള്‍ഡുകള്‍ ഉപയോഗിച്ച് 42000 ലിറ്റര്‍ ഓക്‌സിജനാണ് വിതരണം ചെയ്യുന്നത്. കണ്‍ട്രോള്‍ പാനലില്‍ എട്ട് മാനിഫോള്‍ഡുകളും റിസര്‍വില്‍ രണ്ടെണ്ണം അധികമായും തയ്യാറാക്കാനാണ് നഗരസഭ തീരുമാനമെടുത്തത്. നിലവിലുള്ള മാനിഫോള്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഇരുപത് മാനിഫോള്‍ഡുകള്‍ കണ്‍ട്രോള്‍ പാനലില്‍ നിര്‍മ്മിക്കും. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിച്ച സിലിണ്ടറുകളും ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നഗരസഭ ചെയര്‍മാന്‍ കൈമാറി.
ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടര്‍ ജിജി വര്‍ഗീസ്, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ: ഹരികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തീരുമാനമെടുത്തത്.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്, ക്രിസ് ഗ്ലോബല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!