മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസ്സിന്‍റെ സഹായം തേടാം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം. സമൂഹമാധ്യമങ്ങൾ വഴി കോവിഡ് അവബോധം വളർത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ, സോഷ്യൽ മീഡിയാ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ ബോധവൽക്കരണത്തിനായി ഉപയോഗിക്കും.

പോലീസിന്റെ ടെലിമെഡിസിൻ ആപ്പ് ആയ ബ്ലൂ ടെലി മെഡിസിന്റെ സേവനം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രിയിൽ പോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഇതിലൂടെ ലഭിക്കും. ആപ്പിലെ ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടർ വീഡിയോ കോൾ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്‌ക്രിപ്ഷൻ നൽകും. തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ ആപ്പിൽ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാം. അടച്ചുപൂട്ടൽ സമയത്ത് ആശുപത്രിയിൽ പോകാതെ ഡോക്ടർമാരിൽ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർഡ്തല സമിതികളിലും റാപിഡ് റെസ്‌പോൺസ് ടീമിലും ഓരോ പ്രദേശത്തെയും മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരെ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും ഉൾപ്പെടുത്തും.
മെഡിക്കൽ കൗൺസിൽ അടക്കമുള്ള കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കുന്നവർക്ക് താൽക്കാലിക രജിസ്‌ട്രേഷൻ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സികൾ ആക്കി മാറ്റുന്നത് ത്വരിതപ്പെടുത്തും. കെ എസ് ഇ ബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തി വെക്കും. ബാങ്ക് റിക്കവറികൾ നീട്ടി വയ്ക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കും.
രണ്ടാമത്തെ ഡോസ് വാക്‌സിൻ മൂന്നു മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. ഓക്്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ നിലവിൽ പ്രശ്‌നമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഒക്‌സിജൻ ലഭിക്കണം. ഒരു ആശുപത്രിയിൽ വേണ്ട ഒക്‌സിജൻ എത്രയെന്നു ജില്ലാതല സമിതികൾക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. അതനുസരിച്ച് ആവശ്യമായ ഒക്‌സിജൻ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയിൽ നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ രോഗികൾ കൂടുന്നത് പ്രത്യേകം പരിശോധിക്കും. കെ എം എസ് സി എൽ, കൺസ്യൂമർഫെഡ്, സപ്‌ളൈകോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒകൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാം.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർ ആശുപത്രികളിൽ അഡ്മിറ്റ് ആകേണ്ടതില്ല: മുഖ്യമന്ത്രി

കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ആളുകൾ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നുണ്ട്. കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം എല്ലാവരും ആശുപത്രിയിൽ എത്തണമെന്നില്ല.

അപ്പോൾ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികിൽസിക്കാൻ ആശുപത്രികൾക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തിൽ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.

error: Content is protected !!