മൂന്നാം ഘട്ട കോവിഡ് വാക്സിനേഷന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കും, 45-59 വയസ് പ്രായ പരിധിയിലുള്ള ഗുരുതര രോഗബാധിതര്‍ക്കും കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ജില്ലയില്‍ ആരംഭിച്ചു. നിലവില്‍ 63 സര്‍ക്കാര്‍ ആശുപത്രികളും 12 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 75 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ അടൂര്‍, മൗണ്ട്സിയോണ്‍ മെഡിക്കല്‍ കോളജ് ചായലോട്, പുഷ്പഗിരി മെഡിക്കല്‍ കോളജ് തിരുവല്ല, സിഎം ഹോസ്പിറ്റല്‍ പന്തളം, സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ പരുമല, മാലക്കര ഹോസ്പിറ്റല്‍, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല, എംജിഎം മുത്തൂറ്റ് ഹോസ്പിറ്റല്‍ പത്തനംതിട്ട, മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി, ഹോളിക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കുളനട, തിരുവല്ല മെഡിക്കല്‍ മിഷന്‍ എന്നീ സ്വകാര്യ ആശുപത്രികളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി വാക്സിന്‍ എടുക്കാം. www.cowin.gov.in എന്ന പോര്‍ട്ടലിലൂടെ വളരെ ലളിതമായി ആര്‍ക്കും രജിസ്ട്രേഷന്‍ നടത്താം.

ഒരു മൊബൈലില്‍ നിന്നും നാലു പേര്‍ക്കു വരെ രജിസ്റ്റര്‍ ചെയ്യാം. ഇപ്രകാരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതാണ് സുരക്ഷിതവും സൗകര്യപ്രദവും. പോര്‍ട്ടല്‍ വഴി സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആശാ പ്രവര്‍ത്തകര്‍ മുഖേന ആവശ്യമായ രേഖകളുമായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ എടുക്കാം. ആശുപത്രികളില്‍ എത്തേണ്ട ദിവസം ആശാ പ്രവര്‍ത്തകര്‍ അറിയിക്കും.

ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, രജിസ്റ്റര്‍ ചെയ്തിട്ടും ആദ്യ ഡോസോ, രണ്ടാമത്തെ ഡോസോ എടുക്കാത്തവര്‍ തുടങ്ങിയവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ വഴി വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ എടുക്കാം.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകളുമായി തൊട്ടടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്സിന്‍ എടുക്കണം. ഇതിനായി ഓഫീസ് മേലധികാരി നല്‍കുന്ന ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക്സിനേഷനു വേണ്ടി പോകുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡോ, ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകളോ കയ്യില്‍ കരുതണം. 45-59 വയസു വരെയുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് (രോഗവിവരം വ്യക്തമാക്കുന്ന രേഖ) കരുതണം.

മൂന്നാം ഘട്ടത്തില്‍ 3,66,000 പേര്‍ക്കാണ് ജില്ലയില്‍ വാക്സിനേഷന്‍ നടത്തേണ്ടത്. ഏകദേശം മൂന്നുമാസം കൊണ്ടു മാത്രമേ എല്ലാവര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളു. ആദ്യ ദിനങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കുള്ള വാക്സിനേഷനാണ് മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്ന് പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് വാക്സിനേഷനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നതാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മരുന്നുകള്‍ക്കും ഭക്ഷണത്തിനും ഗുരുതര അലര്‍ജി ഉള്ളവര്‍, കോവിഡ് പോസിറ്റീവ് ആയവര്‍ എന്നിവര്‍ വാക്സിന്‍ എടുക്കേണ്ടതില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ ഒരു ഡോസിന് 250 രൂപ നല്‍കണം. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 0468-2228220, 0468-2222515 എന്നീ കണ്‍ട്രോള്‍ റൂം നമ്പരുകളിലേക്ക് വിളിക്കണം.

രജിസ്ട്രേഷന്‍ നടത്തേണ്ടതെങ്ങനെ?

. കോവിന്‍ (https://www.cowin.gov.in) പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നടത്താം.
. മൊബൈല്‍ നമ്പര്‍ നല്‍കി അതിലേക്കു ലഭിക്കുന്ന ഒടിപി വഴി അക്കൗണ്ട് ഉണ്ടാക്കണം.
. ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷന്‍.
. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാലു പേര്‍ക്കു വരെ രജിസ്റ്റര്‍ ചെയ്യാം.
. രജിസ്ട്രേഷന്‍ സമയത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാം. ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക് ചെയ്യാം.
. രജിസ്ട്രേഷനു ശേഷം ലഭിക്കുന്ന സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മൊബൈലില്‍ മെസേജും ലഭിക്കും.
. ഇത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കാണിക്കണം.
. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസ് എടുക്കേണ്ട സമയവും മെസേജായി ലഭിക്കും.

error: Content is protected !!