കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം : സംസ്ഥാനതല ഉദ്ഘാടനം നടന്നു

 

കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വയ്യാറ്റുപുഴയില്‍ നടന്ന യോഗത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, സീതത്തോട്, തണ്ണിതോട് പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട വിളയായ കോലിഞ്ചിയെ കാര്‍ഷികവിളയായി അംഗീകരിക്കണമെന്നുളള കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലുകള്‍ ഈ പദ്ധതി സാക്ഷാത്കരിക്കുവാന്‍ ഗുണകരമായി.

ഇതോടൊപ്പം കോലിഞ്ചി സംഭരണ വിതരണ കേന്ദ്രവും ഭൗമസൂചിക രജിസ്ട്രേഷനുളള നടപടികളും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കുളത്തുങ്കല്‍, ജോബി ടി ഈശോ, ജനപ്രതിനിധികളായ രവികല എബി, ഷിജി മോഹന്‍, നിഷ, കണ്‍സോര്‍ഷ്യം ഭാരവാഹികളായ എസ്.ഹരിദാസ്, കെ.ജി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. നോഡല്‍ ഓഫീസര്‍ മാത്യു എബ്രഹാം സ്വാഗതവും സെക്രട്ടറി ടി.എ രാജു നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!