കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുനരാരംഭിക്കുന്നു

 

കോന്നി വാര്‍ത്ത :കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ കോന്നിയിൽ കെ.എസ്.ആർ.ടി.സിയ്ക്കായി ഏറ്റെടുത്തിട്ടുള്ള സ്ഥലം സന്ദർശിച്ചത്.

മൂന്ന് മാസത്തിനകം കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ച് ഡിപ്പോ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.

കെ.എസ്.ആർ.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു.
യാഡ് നിർമ്മിക്കുകയും, ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഡിപ്പോ പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചു നല്കി .

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനെയാണ് നിർമ്മാണ ചുമതല മേൽനോട്ടം ഏല്പ്പിച്ചിട്ടുള്ളത്. 30 ബസുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യങ്ങളോടുകൂടിയ
യാഡാണ് നിർമ്മിക്കുന്നത്. ടെർമിനലിൽ ഒരു സമയം 5 ബസുകൾ പാർക്ക് ചെയ്യാൻ കഴിയും. 6 ബസ് ഒരേ സമയം മെയിൻ്റനൻസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
സ്വകാര്യ വ്യക്തിയുടെ തർക്കമുള്ള ഭൂമി ഒഴിവാക്കിയായിരിക്കും നിർമ്മാണം നടത്തുകയെന്ന് എം.എൽ.എ പറഞ്ഞു.

എത്രയും വേഗം ഡിപ്പോ യാഥാർത്ഥ്യമാക്കും. എല്ലാവിധ തടസ്സങ്ങളും നിയമപരമായി തന്നെ ഒഴിവാക്കി കോന്നിയുടെ പ്രധാന വികസന ആവശ്യം നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എ യോടൊപ്പം എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് അസിസ്റ്റൻ്റ് പ്രൊജക്ട് എഞ്ചിനീയർ എസ്.അജിത്കുമാർ, കെ.എസ്.ആർ.ടി.സി കോട്ടയം സബ് -ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.അഫ്സൽ ബാബു എന്നിവരും, മറ്റ് ഉദ്യോഗസ്ഥരും ഡിപ്പോ സ്ഥലം സന്ദർശിച്ചു.

error: Content is protected !!