കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തുകൂടുന്നു



നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കൊടുമണ്‍ പഞ്ചായത്തിലെ 158 ഹെക്ടര്‍ വരുന്ന തരിശ് നിലങ്ങള്‍ മൂന്നു വര്‍ഷംകൊണ്ട് കൃഷിയോഗ്യമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടികള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ നടക്കുകയാണ്. കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തേകി കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും 91 ലക്ഷം രൂപയുടെ പദ്ധതികളാണു നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

 

2019-2020ല്‍ 400 ഏക്കര്‍ സ്ഥലത്ത് കൂടി കൃഷിയിറക്കി. കോയിക്കല്‍പടി, തേവന്നൂര്‍, മുണ്ടയ്ക്കല്‍, ചേനങ്കര, തുമ്പമുഖം, മംഗലത്ത്, കൊന്നക്കോട്, പെരുംകുളം, മുണ്ടുകോണം, വെട്ടിക്കുളം, ചേരുവ, മണക്കാട് എന്നീ പാടശേഖരങ്ങളില്‍ 322 കര്‍ഷകരാണ് 400 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്. 2016-2017ല്‍ 64 ഹെക്ടര്‍ വിസ്തൃതിയില്‍ നിന്നും 2019-2020ല്‍ 158 ഹെക്ടര്‍ വിസ്തൃതിയിലേക്ക് നെല്‍കൃഷി എത്തി. 2016-2017ല്‍ 179.2 മെട്രിക്ക് ടണ്‍ ഉണ്ടായിരുന്ന വിളവ് 869 മെട്രിക്ക് ടണിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു.  കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പാടശേഖര സമിതികളെ സംയോജിപ്പിച്ചാണ് കൂടുതല്‍ തരിശ്‌നിലം കൃഷി യോഗ്യമാക്കിയത്.

error: Content is protected !!