Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ശബരിമല: ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്ഇന്ന് (തിങ്കളാഴ്ച), ഗുരുതി നാളെ

News Editor

ജനുവരി 18, 2021 • 12:52 am

 

ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും അയ്യപ്പസന്നിധിയിലേക്കുള്ള എഴുന്നള്ളത്തുകള്‍ (ജനുവരി 18) സമാപിക്കും. ശരംകുത്തിയിലേക്കാണ് അവസാന ദിവസമായ തിങ്കളാഴ്ച്ചത്തെ എഴുന്നള്ളത്ത്. ഇന്ന് അത്താഴപൂജക്ക് ശേഷമാണ് മാളികപ്പുറത്ത് നിന്നും എഴുന്നള്ളത്ത് പുറപ്പെടുക. ചൊവ്വാഴ്ച്ച രാത്രി ഹരിവരാസനം പാടി തിരുനടയടച്ചതിന് ശേഷമാണ് മാളികപ്പുറത്ത് ഗുരുതി.

എഴുന്നള്ളത്ത്, നായാട്ട് വിളി, കളമെഴുത്ത്, കളമെഴുത്ത്പാട്ട്, ഗുരുതി എന്നിവയാണ് ഈ ദിവസങ്ങളില്‍ നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകള്‍. മകരസംക്രമ ദിവസം മുതല്‍ അഞ്ച് ദിവസം മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ കളമെഴുതും. ഓരോ ദിവസവും ഓരോ ഭാവത്തിലാണ് കളമെഴുത്ത്. ആദ്യ ദിവസം ബാലക ബ്രഹ്മചാരി എന്ന ഭാവം, രണ്ടാം ദിവസം വില്ലാളി വീരന്‍, മൂന്നാം ദിവസം രാജകുമാരന്‍, നാലാം ദിവസം പുലിവാഹനന്‍, അഞ്ചാം ദിവസം തിരുവാഭരണ വിഭൂഷിതനായ ശാസ്താവ് എന്നിങ്ങനെയാണിവ. ഓരോ ദിവസവും കളമെഴുതിക്കഴിഞ്ഞാല്‍ സന്നിധാനത്തെ അത്താഴ പൂജക്ക് ശേഷം മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളിക്കും.

 

തിരുവാഭരണപ്പെട്ടിയോടൊപ്പം കൊണ്ടുവന്ന കൊടിപ്പെട്ടിയിലെ കൊടി, തിടമ്പ്, കുട എന്നിവയാണ് വാദ്യഘോഷങ്ങളോടെ വര്‍ണ്ണശബളമായി നടക്കുന്ന എഴുന്നള്ളത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. യോദ്ധാവിന്റെ വേഷത്തിലുള്ള അയ്യപ്പനെയാണ് തിടമ്പില്‍ ആലേഖനം ചെയ്തിരിക്കുന്നത്. മാളികപ്പുറം മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന തിടമ്പ് പൂജിച്ച് കൈമാറുന്നത്. ഒന്നാം ദിവസം മുതല്‍ നാലാം ദിവസം വരെ പതിനെട്ടാം പടിക്കല്‍ വരെയെത്തി നായാട്ട് വിളിച്ച ശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിലേക്ക് തിരികെയെത്തും.

അഞ്ചാം ദിവസം തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ സങ്കല്‍പ്പത്തിലുള്ള തിടമ്പുമായി ഇതേ എഴുന്നള്ളത്ത് ശരംകുത്തിയിലേക്കാണ് പുറപ്പെടുക. വാദ്യഘോഷങ്ങളോടെ തീവെട്ടിയുള്‍പ്പെടെ വര്‍ണ്ണ ശബളമായാണ് എഴുന്നള്ളത്ത് ശരംകുത്തിയിലെത്തുന്നത്. മിക്ക വര്‍ഷങ്ങളിലും എഴുന്നള്ളത്തിന് ആനയുണ്ടാവാറുണ്ടെങ്കിലും ഇത്തവണയില്ല. എഴുന്നള്ളത്ത് സമാപിച്ച ശേഷം വാദ്യമേളങ്ങളും തീവെട്ടികളും കെടുത്തിയാണ് മാളികപ്പുറത്തേക്ക് തിരിച്ചെത്തുക. ആറാം ദിവസം മാളികപ്പുറത്ത് മണിമണ്ഡപത്തിനു മുന്‍പില്‍ പരിഹാരക്രിയയുടെ ഭാഗമായി ചൈതന്യ ശുദ്ധിക്ക് വേണ്ടി മലദൈവങ്ങള്‍ക്കായി ഗുരുതി പൂജ നടത്തും. ഗുരുതി പൂജക്ക് ശേഷം അന്ന് രാത്രി മാളികപ്പുറത്തേക്ക് ആര്‍ക്കും പ്രവേശനമില്ല.
കളമെഴുത്ത്, ഗുരുതി, കളമെഴുത്ത് പാട്ട് മുതലായവ പാരമ്പര്യമായി നടത്തുന്നത് റാന്നി കുന്നക്കാട്ട് കുടുംബത്തിലെ കുറുപ്പന്‍മാരാണ്. മണിമണ്ഡപത്തിലെ കാര്‍മിക സ്ഥാനം, സന്നിധാനത്ത് നിന്നും പമ്പയിലേക്ക് ആറാട്ടിനും പള്ളിവേട്ടക്കും പോകുമ്പോള്‍ അകമ്പടിയേകാനുള്ള അവകാശം എന്നിവയും ഇവര്‍ക്കാണ്. കുന്നക്കാട്ട് കുടുംബത്തിലെ രതീഷ് കുമാര്‍, ജയകുമാര്‍, അജിത്ത് കുമാര്‍ എന്നിവരാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എരുമേലി പുന്നമ്മൂട്ടില്‍ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള അവകാശം. അയ്യപ്പന്റെ ജീവചരിത്രത്തിലെ വന്ദനം മുതല്‍ പ്രതിഷ്ഠ വരെയുള്ള 576 ശീലുകളാണ് നായാട്ട് വിളിയില്‍ ഉള്‍പ്പെടുന്നത്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്തറയില്‍ നിന്നാണ് നായാട്ട് വിളിക്കുന്നത്. തെക്കോട്ട് നോക്കി നിന്നാണ് നായാട്ട് വിളിക്കുക. നായാട്ട് വിളിക്കുന്നയാള്‍ ഓരോ ശീലുകളും ചൊല്ലുമ്പോള്‍ കൂടെയുള്ളവര്‍ ആചാരവിളി മുഴക്കും. പള്ളിവേട്ടക്കുറുപ്പായ പി.ജി.മഹേഷാണ് നായാട്ട് വിളിക്കുന്നത്. ആര്‍ അനു, നിധിന്‍ കൃഷ്ണ, ദിപു കൃഷ്ണ, ജിതിന്‍ കൃഷ്ണ, മിഥുന്‍ കൃഷ്ണ, ഗോകുല്‍ രാജ്, സൂരജ്, ആഷിഷ്, ആഷിക്ക് എന്നിവരാണ് സംഘത്തിലുള്ളത്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.