ജില്ലാ നേഴ്സറി കലഞ്ഞൂരില്‍ ജനുവരി 16ന് വനം വകുപ്പ് മന്ത്രി ഉദ്ഘാടനംചെയ്യും

 

കോന്നി വാര്‍ത്ത :വനം വകുപ്പ് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് അനുവദിച്ച ജില്ലാ നേഴ്സറി ജനുവരി 16ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലാ നേഴ്സറി നിർമ്മിക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

85 ലക്ഷം രൂപ മുടക്കിയാണ് നേഴ്സറി നിർക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. സാമൂഹ്യ വനവൽക്കരണ വിഭാഗം പത്തനംതിട്ട ഡിവിഷൻ്റെ ചുമതലയിലായിരിക്കും ജില്ലാ നേഴ്സറി പ്രവർത്തിപ്പിക്കുക.
ജില്ലയിൽ വനവത്കരണത്തിനാവശ്യമായ മുഴുവൻ തൈകളും ഇനി കലഞ്ഞൂരിൽ നിന്ന് ഉല്പാദിപ്പിക്കും. 12 ഹെക്ടർ സ്ഥലമാണ് ഡിപ്പോ ജംഗ്ഷനിൽ വനംവകുപ്പിന് ഉള്ളത്. ഇതിൽ 2.17 ഹെക്ടർ സ്ഥലമാണ് ജില്ലാ നേഴ്സറിയ്ക്കായി ഉപയോഗിക്കുക എന്നും എം.എൽ.എ പറഞ്ഞു.

ലക്ഷക്കണക്കിന് വൃക്ഷ തൈകളാണ് ഓരോ വർഷവും ജില്ലയിൽ ഉല്പാദിപ്പിക്കേണ്ടത്. തേക്ക് തൈകളും, സ്റ്റമ്പും ഇവിടെ നിന്നും ജനങ്ങൾക്ക് എല്ലാ സമയവും ലഭിക്കും.അന്യം നിന്നുകൊണ്ടിരിക്കുന്ന ഓർക്കിഡ് ഉൾപ്പടെയുള്ള 200 ഇനം സസ്യങ്ങൾ സംരക്ഷിക്കുന്ന പ്ലാൻ്റ് ലൈബ്രറി ഇവിടെ നിലവിലുള്ള പോളി ഹൗസ് നവീകരിച്ച് അതിനുളളിൽ സ്ഥാപിക്കും..നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തൊഴിൽ സാധ്യത ഉണ്ടാക്കാൻ കഴിയുന്ന പദ്ധതി എന്ന നിലയിൽക്കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും, പദ്ധതി വിപുലീകരിച്ച് പ്രദേശത്ത് കൂടുതൽ ആളുകൾക്ക് തൊഴിൽ നല്കുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടൊപ്പം കലഞ്ഞുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പവല്ലിടീച്ചർ, വൈസ് പ്രസിഡൻ്റ് മിനി ഏബ്രഹാം,ഗ്രാമ പഞ്ചായത്തംഗം ഷാൻ ഹുസൈൻ,പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സി.കെ.ഹാബി, അച്ചൻകോവിൽ വർക്കിംഗ് പ്ലാൻ ഡിവിഷൻ ഓഫീസർ കെ.സജി, മറ്റു വനം വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ഉണ്ടായിരുന്നു.