കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം

 

കോന്നി വാര്‍ത്ത : ഭാരതത്തിന്റെ 72-ാം മത് റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരമാവധി നൂറു പേരെയാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുക. 10 വയസില്‍ താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളില്‍ പ്രായമുള്ളവരേയും പങ്കെടുപ്പിക്കില്ല.
രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. പോലീസ് (3), എക്സൈസ് (1), ഫോറസ്റ്റ് (1), എന്‍.സി.സി(1) എന്നിങ്ങനെ ആറ് വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. പരേഡ് റിഹേഴ്‌സല്‍ 23 ന് രാവിലെ എട്ടിനും 24 ന് രാവിലെ 7.30 മുതലും നടക്കും. പോലീസ് സംഘം ദേശീയ ഗാനാലാപനം നടത്തും.

ആവശ്യമായ സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കവാടത്തില്‍ തെര്‍മ്മല്‍ സ്‌ക്രീനിംഗ് എന്നിവ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഒരുക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം സല്യൂട്ടിംഗ് ബേസ്, പവലിയന്‍ എന്നിവ നിര്‍മിക്കും. വൈദ്യുതി ക്രമീകരണം, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗം ഒരുക്കും. സ്റ്റേഡിയം വൃത്തിയാക്കല്‍, സ്റ്റേഡിയത്തിന് പ്രത്യേക പ്രവേശന കവാടം, പുറത്തേക്കുള്ള കവാടം, സല്യൂട്ടിംഗ് ബേസ്, ഇരിപ്പിടങ്ങള്‍ അണുവിമുക്ത പ്രവര്‍ത്തനം തുടങ്ങിയവ പത്തനംതിട്ട നഗരസഭ ഒരുക്കും. കോഴഞ്ചേരി തഹസില്‍ദാര്‍ ഏകോപനം നിര്‍വഹിക്കും.
റാന്നി ഡി.എഫ്.ഒ കെ.സുനില്‍, കോന്നി ഡി.എഫ്.ഒ എസ്. ശശീന്ദ്രകുമാര്‍, ആര്‍.ടി.ഒ ജിജി ജോര്‍ജ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!