ഓമനക്കുട്ടന്‍റെ ആത്മഹത്യ അന്വേഷിക്കണം: കെ.സുരേന്ദ്രൻ

 

 

കോന്നി വാര്‍ത്ത : സിപിഎം മുൻ കോന്നി ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ ആത്മഹത്യക്ക് കാരണം സിപിഎമ്മാണെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണ്.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി തോറ്റതാണ് ഭീഷണിക്ക് കാരണം എന്നാണ് വീട്ടുകാരുടെ ആരോപണം . ദിവസങ്ങൾക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാർട്ടിക്കാർ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടൻ പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞത് ഞെട്ടിക്കുന്നതാണ്.

സിപിഎമ്മിന്‍റെ ഫാസിസത്തിന്‍റെ  അവസാന ഉദ്ദാഹരണമാണ് ഓമനക്കുട്ടനെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.കഴിഞ്ഞ കുറച്ചു ദിവസമായി ഓമനക്കുട്ടൻ മുറിയിൽ കയറി  വാതിലടച്ചിരിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. സംഭവത്തിൽ സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.