കോന്നി മെഡിക്കല്‍ കോളേജില്‍ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി

 

കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി.നിലവിലുള്ള മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനും, കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു മുന്നോടിയായി ചർച്ച നടത്തുന്നതിനുമായാണ് സംഘം എത്തിയത്.തിരുവനന്തപുരത്ത് നിയമസഭാ സമ്മേളന സ്ഥലത്തായതിനാൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുമായി സംഘം ഓൺലൈനിൽ ചർച്ചയും നടത്തി.

നിലവിലുള്ള ആശുപത്രി കെട്ടിടം നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.ഈ കെട്ടിടത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിനാവശ്യമായ ഫണ്ട് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതേ തുടർന്ന് കിഫ്ബി യിൽ നിന്നും നൂറു കോടി രൂപ ഉപകരണങ്ങൾക്കായി അനുവദിക്കണമെന്ന് എം.എൽ.എ കിഫ്ബിയോട് അഭ്യർത്ഥിച്ചിരുന്നു. മറ്റ് ഏജൻസികൾ ഫണ്ട് അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഉപകരണങ്ങൾ വാങ്ങാൻ മാത്രമായി കിഫ്ബി ഫണ്ട് അനുവദിക്കാറില്ല എങ്കിലും എം.എൽ.എയുടെ ആവശ്യപ്രകാരം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.
അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ (ഐ.ഫ്.സി) സംഘം ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി ചില മുറികളുടെ ഘടനയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടു.

വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശം എഴുതി നല്കുമെന്നും സംഘം പറഞ്ഞു.പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്ലാൻ പരിശോധിച്ച സംഘം തൃപ്തി രേഖപ്പെടുത്തി.
കിഫ്ബി പരിസ്ഥിതി വിഭാഗം ജനറൽ മാനേജർ എസ്.അജിത്, ടെക്നിക്കൽ അസിസ്റ്റൻ്റ് സി.വി.മൻമോഹൻ, അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ കൺസൾട്ടുമാരായ ഡോ: സച്ചിൻ വാഗ്, മിത്തിൽ സാമന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളേജ് സന്ദർശിച്ചത്.
പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: സജിത്കുമാർ, എച്ച്.എൽ.എൽ ഹൈറ്റ്സ് ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, വിവിധ വിഭാഗങ്ങളുടെ തലവൻമാരായ എസ്.എസ്.അശ്വനി, അനിത് കുമാർ, രോഹിത് ജോസഫ് തോമസ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാൻ ഒരു പ്രത്യേക പദ്ധതികൂടി അനുവദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഉപകരണങ്ങൾക്ക് ആവശ്യമായ 100 കോടി രൂപ കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് അനുകൂല സമീപനമാണ് കിഫ്ബി സ്വീകരിച്ചിട്ടുള്ളത്.

പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തോടൊപ്പം, നിലവിലുള്ള കെട്ടിടത്തിൽ ആവശ്യമായ ആധുനിക ഉപകരണങ്ങൾ എത്തിക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!