കോന്നി മെഡിക്കല്‍ കോളേജ് ഭാഗത്ത് സർക്കാർ ഭൂമി കയ്യേറിയ സംഭവം;പൊളിച്ച് നീക്കിയ വേലികൾ പുനഃസ്ഥാപിക്കാൻ ഒരാഴ്ച്ച സമയം

വൻ ഭൂമാഫിയ ഇവിടെ പ്രവര്‍ത്തിക്കുന്നു

കോന്നി വാര്‍ത്ത : കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൃഷി വകുപ്പിന്‍റെ ഭൂമി അനധികൃതമായി കയ്യേറുകയും റോഡ് വെട്ടുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ വ്യക്തികൾ പൊളിച്ച് മാറ്റിയ കൃഷി വകുപ്പിൻറെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഇരുമ്പുവേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച സമയം നൽകി. മൂന്ന് ഭൂമി ഉടമകൾക്കാണ് വേലി പുനസ്ഥാപിക്കുവാൻ സമയം അനുവദിച്ചത്.

പന്തളം ഫാം കൃഷി ഓഫീസർ വിമലിൻറെ നേതൃത്വത്തിലുള്ള സംഘം രാവിലെ കൃഷി വകുപ്പിൻെറ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ ഇരുമ്പ് വേലി അനധികൃതമായി പൊളിച്ച് മാറ്റിയ സ്ഥലം സന്ദർശിച്ച് വേലി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇവിടെ നിന്നും പൊളിച്ച് മാറ്റിയ വേലി പുനസ്ഥാപിക്കുവാൻ ഭൂവുടമകൾ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുമ്പ് വേലി പുനഃസ്ഥാപിക്കാൻ ഒരാഴ്ച്ച സമയം നൽകിയിട്ടുണ്ടെന്നും ഇതിന് ഇവർ തയ്യാറായില്ലെങ്കിൽ പൊലിസ് സംരക്ഷണത്തോടെ വേലികൾ കൃഷി വകുപ്പ് പുനഃസ്ഥാപിക്കുമെന്നും ഇതിനുള്ള ചിലവുകൾ ഭൂവുടമകളിൽ നിന്നും ഈടാക്കുമെന്നും കൃഷി ഓഫീസർ പറഞ്ഞു.

പന്തളം ഫാം കൃഷി ഓഫീസർ വിമൽ,ഐരവൺ വില്ലേജ് ഓഫീസർ ഷീന എന്നിവർ കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിക്കുകയും സംഭവത്തിൽ കോന്നി പൊലീസ്‌ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇവർ സന്ദർശനം നടത്തുമ്പോഴും പ്രമുഖ സർക്കാർ സർവീസ് സംഘടനയുടെ മുൻ സംസ്ഥാന നേതാവിന്‍റെ മക്കളുടെ പേരിലുള്ള ഭൂമിയോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ഹിറ്റാച്ചി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുകയായിരുന്നു.

കൃഷി ഓഫീസർ ഇത് നിർത്തി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിരവധി തവണ പതിനാലോളം വരുന്ന ഭൂമി കയ്യേറ്റക്കാർക്ക് താക്കീത് നൽകിയെങ്കിലും ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് വീണ്ടും സർക്കാർ ഭൂമിയിൽ അനധികൃത കയ്യേറ്റം നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് അവിടെ ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

സ്വകാര്യ വ്യെക്തികളുടെ ഭൂമിയിലേക്ക് പോകുവാനായി നെടുമ്പാറവഴി നിലവിൽ വഴിയുണ്ടെങ്കിലും മെഡിക്കൽ കോളേജിൻറെ പ്രധാന റോഡിന്റെ വശത്തുള്ള ഭൂമികൾ കോടികൾക്ക് വിറ്റഴിക്കുന്നതിനായാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇവിടെ വസ്തുകച്ചവടം തകൃതിയായി നടക്കുന്നത്.വസ്തുവിലേക്ക് പോകുവാൻ വഴിയുണ്ടെന്ന് പറയുമ്പോൾ സെന്റിന് ഒന്പത് ലക്ഷം രൂപ മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ വിലക്കാണ് വസ്തുക്കൾ വിറ്റഴിക്കുന്നത്.ഇതിനായി വൻ ഭൂമാഫിയ വരെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഭൂമികൾ വിറ്റഴിക്കുന്നതിനായി ഏജൻറ്മാരെയും ഭൂവുടമകൾ നിയോഗിച്ചതായാണ് അറിയുവാൻ കഴിയുന്നത്.റവന്യൂ വകുപ്പിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അടിയന്തിര നടപടികൾ ഉണ്ടായില്ലായെങ്കിൽ സർക്കാരിന്റെ കൈവശം ഇരിക്കേണ്ട ഭൂമി രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് കൊണ്ട് സ്വകാര്യ വക്തികളുടെ കൈകളിൽ ഇരിക്കും.

നിലവിൽ പന്തളം ഫാമിൻറെ നിയന്ത്രണത്തിലാണ് കോന്നി മെഡിക്കൽ കോളേജിന്റെ സമീപത്തുള്ള കൃഷി വകുപ്പിന്റെ ഭൂമികൾ പല തട്ടുകളായി കിടക്കുന്നത്.ഇത് എത്രയെന്നു എവിടെന്നും കണ്ടെത്തണമെങ്കിൽ ടോട്ടൽ സ്റ്റേഷൻ സർവേ നടത്തേണ്ടതായുണ്ട്.എന്നാൽ ഇതിനായി അപേക്ഷകൾ മാസങ്ങൾക്ക് മുൻപ് തന്നെ കൃഷി വകുപ്പ് നൽകിയെങ്കിലും നടപടി സ്വീകരിക്കുവാൻ കോന്നിയിലെ റവന്യൂ അധികാരികൾ തയ്യാറായിട്ടില്ല.

ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമിയാണ് കൃഷി വകുപ്പിൻറെ അധീനതയിൽ ഉണ്ടായിരുന്നത്.കേന്ദ്രീയ വിദ്യാലയം,ബ്ലഡ് ബാഗ് നിർമ്മാണ യൂണിറ്റ്,ഡ്രെഗ്സ് കൺട്രോൾ ലാബ്,മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങൾക്ക് വീട്ടുനൽകിയ ശേഷം നിലവിൽ നാല് ഏക്കറോളം വരുന്ന ഭൂമിയാണ് കൃഷി വകുപ്പിൻറെ അധീനതയിൽ ഉള്ളത്.ഈ ഭൂമിയിലാണ് ഭൂമാഫിയകൾ വൻതോതിൽ കയ്യേറ്റം നടത്തുന്നത്.