അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നതിന് യുവജന കമ്മീഷന്‍ ഇടപെടല്‍

 

പത്തനംതിട്ടയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അദാലത്ത് നടത്തി

കോന്നി വാര്‍ത്ത : സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയും ശമ്പളം നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവ് പ്രകാരം മുഴുവന്‍ ശമ്പളവും നല്‍കി പരാതി പരിഹരിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ നടത്തിയ അദാലത്തിലാണ് പരാതി പരിഹരിച്ചത്.

പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ 20 കേസ് പരിഗണിക്കുകയും ഇതില്‍ 12 എണ്ണം പരിഹരിക്കുകയും ചെയ്തു. എട്ട് പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റിവച്ചു. അദാലത്തില്‍ പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കു നാലു വര്‍ഷം പഠിച്ചിട്ടും അംഗീകാരം ഇല്ലാത്തതുകൊണ്ട് തൊഴില്‍ ലഭിക്കുന്നില്ല എന്ന പരാതി അദാലത്തില്‍ പരിഗണിച്ചു.

അടിയന്തരമായി സ്‌കീമും സിലബസും പരിശോധിച്ച് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും, പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനു കാരണം എന്താണെന്ന് പരിശോധിക്കാനും കമ്മീഷന്‍ ഉത്തരവായി. വിദ്യാഭ്യാസ വായ്പ സബ്‌സിഡി നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ബാങ്ക് പ്രതിനിധികളെ ഉടന്‍ കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി തുടര്‍ നടപടി സ്വീകരിക്കും. യുവജനങ്ങളുടെ തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചിട്ടുള്ളതെന്നു സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു. ബംഗ്‌ളൂരുവില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഏജന്റ് മുഖാന്തരം കാപ്പിറ്റേഷനും സര്‍ട്ടിഫിക്കറ്റും നല്‍കി കബളിക്കപ്പെട്ടു എന്ന പരാതി ലഭിച്ചു.

പല അദാലത്തിലും ഇത്തരം പരാതികള്‍ ലഭിക്കാറുണ്ട്. കേരളത്തിനു പുറത്തു പഠിക്കാന്‍ പോകുമ്പോള്‍ കൃത്യമായ ജാഗ്രത വിദ്യാര്‍ഥികളും യുവജനങ്ങളും പുലര്‍ത്തണം. ഇത്തരം ഏജന്റിനെയും ഏജന്‍സിയെയും സമീപിക്കുമ്പോള്‍ നിയമ സാധുതയും ലൈസന്‍സും ഉണ്ടോ എന്ന കാര്യത്തില്‍ ജാഗ്രത ഉണ്ടാകണം. പല സ്ഥാപനങ്ങളും കേരളത്തിനു പുറത്തായതുകൊണ്ട് സംസ്ഥാന യുവജന കമ്മീഷന് ഇടപെടുന്നതിനും പരിമിതികള്‍ ഉണ്ടെന്നും ചിന്താ ജെറോം പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്‌നങ്ങളെകുറിച്ചു ലഭിച്ച പരാതിയില്‍ കക്ഷിയും എതിര്‍ കക്ഷിയും തമ്മില്‍ സംസാരിച്ച് രമ്യതയില്‍ എത്തി.
അദാലത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി.എ സമദ്, ലോ ഓഫീസര്‍ ടി.എസ് സബി, വൃന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!