തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: കോന്നിയിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ച് വിലയിരുത്തി. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കി.

തിങ്കളാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പ് പരിശീലനം നാളെ ( ഡിസംബര്‍ 2 ബുധനാഴ്ച) അവസാനിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കോന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ രണ്ട് ഹാളുകളിലായാണു സംഘടിപ്പിച്ചിരിക്കുന്നത്.

കോന്നി ബ്ലോക്കിനു കീഴില്‍ വരുന്ന ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്നത് അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഡിസംബര്‍ മൂന്നിന് ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ 181 പോളിംഗ് ബൂത്തുകളിലേക്കുള്ള മെഷീനുകളും റിസര്‍വ് മെഷീനുകളും ഇവിടെയെത്തും. ഈ മാസം നാലിന് മെഷീനുകളുടെ സ്റ്റാന്റേര്‍ഡ് സെറ്റിംഗ് ആരംഭിച്ച് അഞ്ചിന് അവസാനിപ്പിക്കും.

ഡിസംബര്‍ ഏഴിന് രാവിലെ ഇവിഎം മെഷീനുകള്‍ പോളിംഗ് ബൂത്തുകളിലേക്ക് വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് മെഷീനുകള്‍ തിരികെ സ്ട്രോംഗ് റൂമിലെത്തിക്കും. പിന്നീട് ഡിസംബര്‍ 16 ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. അമൃത വിഎച്ച്എസ്എസില്‍ ഏഴ് സ്ട്രോംഗ് റൂമും ഏഴ് ഡിസ്ട്രിബ്യൂഷന്‍ റൂമും കൗണ്ടര്‍ സെന്ററില്‍ 18 ടേബിളുകളും വോട്ടെണ്ണലിനായി ക്രമീകരിച്ചു വരുന്നു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ ശ്യാം മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. അതോടൊപ്പംതന്നെ ഡിഎംഒയുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അയയ്ക്കുന്ന പ്രവര്‍ത്തനങ്ങളും കൃത്യമായി നടന്നു വരുന്നുണ്ട്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് എആര്‍ഒ കെ.അജിത്ത്, എഎക്സ്ഇ എസ്.വിനോദ്, വിവിധ ഗ്രാമപഞ്ചായത്തുകളിലെ എഇമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തി.

error: Content is protected !!