ശബരിമലയില്‍ കോവിഡ് ആന്‍റീജന്‍ പരിശോധന ശക്തമാക്കി

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല സ്പെഷ്യല്‍ എഡിഷന്‍
ശബരിമല സന്നിധാനത്തും പമ്പയിലും 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും സന്നദ്ധ സേവകര്‍ക്കും ആരോഗ്യവകുപ്പിന്റെ കോവിഡ് 19 ആന്റിജന്‍ പരിശോധന ആരംഭിച്ചു. പ്രതിദിനം 200 പേരെ വീതമാണ് പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിക്കുന്നത്.

ആദ്യദിനമായ തിങ്കളാഴ്ച ശബരിമല ശുചീകരണ വിഭാഗം തൊഴിലാളികളായ 200 പേരെ പരിശോധിച്ചതില്‍ നാല് പേര്‍ പോസിറ്റീവായി. ഇവരെ എരുമേലി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

പമ്പയിലെ ആരോഗ്യകേന്ദ്രത്തില്‍ വൈകുന്നേരം മൂന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത്. സന്നിധാനത്തും പമ്പയിലും കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പരിശോധന ആരംഭിച്ചത്. ഓരോ വിഭാഗം ജീവനക്കാരുടെയും സന്നദ്ധ സേവകരുടെയും കണക്കെടുത്താണ് പരിശോധന നടത്തുന്നത്.

തീര്‍ഥാടകരെ കാത്ത് ദേവസ്വം പുസ്തകശാല

ശബരിമല തീര്‍ഥാടകര്‍ക്കായി സന്നിധാനത്ത് അക്ഷരലോകം ഒരുക്കി കാത്തിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുസ്തകശാല. ഐതീഹ്യങ്ങളും ചരിത്രവും ഉള്‍പ്പെടെ ലളിതമായി വായിക്കാവുന്ന നിരവധി പുസ്തകങ്ങള്‍ ദേവസ്വം പുസ്തകശാലയില്‍ ലഭ്യമാണ്. അടുത്ത മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലം ഉള്‍പ്പെടെ ശബരിമലയിലെ പ്രധാന ചടങ്ങുകളുടെയും വഴിപാടുകളുടെയും വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറിക്ക് ആവശ്യക്കാരേറെയാണ്.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ നാലു ഭാഷകളില്‍ ഉള്ള വിവരങ്ങള്‍ ദേവസ്വം ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 180 രൂപയാണ് ദേവസ്വം ഡയറിയുടെ വില. ദേവസ്വം പബ്ലിക്കേഷന്റെ രാമായണവും കറന്റ് ബുക്ക്‌സ് അടക്കം 13 പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ നിരവധി പുസ്തകങ്ങളും ഇവിടെ വില്‍പനയ്ക്കുണ്ട്. നിലവില്‍ സാധാരണ ദിവസങ്ങളില്‍ ശരാശരി 8000 രൂപയും ശനി ഞായര്‍ ദിവസങ്ങളില്‍ 16,000 രൂപയും ഇവിടെ വരുമാനമുണ്ട്.

error: Content is protected !!