പത്തനംതിട്ടയില്‍ ഡിസംബര്‍ രണ്ടിന് ഓറഞ്ച് അലര്‍ട്ട്: ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡിസംബര്‍ രണ്ടിന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കണം. ഫോണ്‍ സംവിധാനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ക്യാമ്പുകള്‍ തുറക്കണം.

കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ തുടരുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, സാധാരണക്കാര്‍ എന്നിവരെ പ്രത്യേകമായി പാര്‍പ്പിക്കുവാന്‍ നാലു രീതിയിലാണ് ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത്.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം. ഗ്രാമപഞ്ചായത്തുകള്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം കൈമാറണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലങ്ങളിലെ ജനങ്ങള്‍ കൂടതല്‍ ശ്രദ്ധ പുലര്‍ത്തണം. പുഴകള്‍, ആറുകള്‍ തുടങ്ങി ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. മരങ്ങള്‍, മരച്ചില്ലകള്‍ തുടങ്ങിയവ ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ മരത്തിനു ചുവട്ടില്‍ നിര്‍ത്തിയിടാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ രാത്രികാല യാത്രകളും, അനാവശ്യമായ യാത്രകളും പരമാവധി ഒഴിവാക്കുക.

ക്വാറികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!