Trending Now

തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

 

കോന്നി വാര്‍ത്ത : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജില്ലയില്‍ വ്യാഴാഴ്ച മാത്രം കോവിഡ് രോഗികളുടെ എണ്ണം 207 ആണ്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 19,639 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 105 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാഹചര്യമുള്ളതിനാല്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ജനങ്ങളും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രചാരണത്തിനായി വീട്ടില്‍ എത്തുന്നവരുമായി ശാരീരിക അകലം പാലിക്കണം.
തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാലിക്കണം. കോവിഡ് രോഗികള്‍ക്കായും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനായി സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ക്രമീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബാലറ്റ് വോട്ട് ചെയ്യാന്‍ സാധിക്കുക. ഇവ സംബന്ധിച്ച സംശങ്ങള്‍ ദുരീകരിക്കുന്നതിനായി അതത് വരണാധികാരിയുമായി സംസാരിക്കണം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത എന്നാല്‍, വോട്ട് ചെയ്യാന്‍ അവകാശമുള്ള കോവിഡ് രോഗികള്‍ക്കോ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കോ സ്പെഷല്‍ ബാലറ്റ് വോട്ട് ചെയ്യുന്നതിനായി അതത് മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഫിനാന്‍സ് ഓഫീസര്‍ എം. ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് 1,50,000 രൂപയാണ് പരമാവധി തെരഞ്ഞെടുപ്പ് ചെലവ് പരിധിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതിക്കും ഇടയ്ക്ക് (രണ്ടു തീയതികളും ഉള്‍പ്പെടെ) സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ സ്ഥാനാര്‍ഥിക്ക് വേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കുന്ന പരമാവധി തുകയാണിത്.

വരണാധികാരിയുടെ പക്കല്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം നമ്പര്‍ എന്‍ 30ല്‍ വേണം കണക്കുകള്‍ എഴുതി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം കണക്കുകള്‍ സമര്‍പ്പിക്കേണ്ടതും ബന്ധപ്പെട്ട അധികാരിയില്‍ നിന്നും തീയതിയും മുദ്രയും ഉള്ള രസീതുകള്‍ വാങ്ങി സൂക്ഷിക്കേണ്ടതും ആണ്. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് കൂടി നല്‍കണം. ആവശ്യപ്പെടുന്ന പക്ഷം മേല്‍പ്പറഞ്ഞ രേഖകളുടെ ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഏത് തീയതിയിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, കമ്മീഷന്‍ നിയമിക്കുന്ന തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ എന്നിവര്‍ക്ക് കണക്കുകള്‍ പരിശോധിക്കാം. അതിനുവേണ്ടി സ്ഥാനാര്‍ഥിയോ ഏജന്റോ കണക്കുകള്‍ ഹാജരാക്കണം. ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി സ്ഥാനാര്‍ഥിയുടെ ഗുണകാംക്ഷികളോ രാഷ്ട്രീയ പാര്‍ട്ടികളോ ചെലവാക്കുന്ന തുക സംബന്ധിച്ച് ഏത് കാര്യത്തിന് ആര് ചെലവാക്കി എന്നും മറ്റുമുള്ള വിശദവിവരങ്ങള്‍ രേഖാമൂലം ഉടന്‍തന്നെ വരണാധികാരിയെ അറിയിച്ചിരിക്കണം. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ മേല്‍പ്പറഞ്ഞ ചെലവ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. അല്ലാത്തപക്ഷം ആ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കും.

തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കില്‍ അടങ്ങിയിരിക്കേണ്ട കാര്യങ്ങള്‍:
1. ചെലവ് ചെയ്ത തീയതി അല്ലെങ്കില്‍ ചെലവ് ചെയ്യാന്‍ അധികാരപ്പെടുത്തിയ തീയതി.
2. ചെലവിന്റെ സ്വഭാവം അതായത് യാത്ര, തപാല്‍, അച്ചടി, ചുവരെഴുത്ത്, ചുവര്‍പരസ്യം, ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍, നോട്ടീസ്, ബാനര്‍, കമാനങ്ങള്‍, ഉച്ചഭാഷിണി, യോഗം, വാഹനവാടക തുടങ്ങിയവ ഏതെന്ന് വ്യക്തമാക്കണം. 3. ചെലവ് തുക ഓരോ ഇനത്തിനും പ്രത്യേകം കാണിച്ചിരിക്കണം അതില്‍ രൊക്കം കൊടുത്ത തുകയും, ബാക്കി കൊടുക്കാനുള്ള തുകയും വേര്‍തിരിച്ചു കാണിക്കണം. 4. പണം കൊടുത്ത തീയതി.
5. പണം കൈപ്പറ്റിയ ആളിന്റെ പേരും പൂര്‍ണ മേല്‍വിലാസവും. 6. പണം കൊടുത്ത സംഗതിയില്‍, വൗച്ചറുകളുടെ ക്രമനമ്പര്‍. 7. കൊടുക്കാനുള്ള തുകയുടെ സംഗതിയില്‍, ബില്ലുകളുടെ ക്രമനമ്പര്‍. 8. പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരും, പൂര്‍ണ മേല്‍വിലാസവും.

9. തപാല്‍, തീവണ്ടി യാത്ര തുടങ്ങിയ വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകള്‍ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. 10. തുക ഒടുക്കിയ തീയതി അനുസരിച്ച് വൗച്ചര്‍ അടുക്കുകയും, ക്രമനമ്പര്‍ ഇടുകയും ചെയ്യണം. നോട്ടീസ്, ചുവര്‍പരസ്യം, കമാനങ്ങള്‍, ബാനറുകള്‍ തുടങ്ങിയവയുടെ ആകെ എണ്ണവും കാണിച്ചിരിക്കണം.

സ്ഥാനാര്‍ഥിയെ അയോഗ്യനായി പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങള്‍:
1. നിശ്ചിത സമയപരിധിക്കുള്ളില്‍ കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുക. 2. നിര്‍ണയിക്കപ്പെട്ട രീതിയില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുക. 3. നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാതിരിക്കുക. 4. അപൂര്‍ണമായ കണക്കുകള്‍ സമര്‍പ്പിക്കുക. 5. തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കുക. 6. വൗച്ചറുകള്‍ ബില്ലുകള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കാതിരിക്കുക. 7. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കാതെ മറ്റാര്‍ക്കെങ്കിലും കണക്കുകള്‍ സമര്‍പ്പിക്കുക. 8. കണക്കുകള്‍ നിയമാനുസൃതമല്ലാതെയിരിക്കുക. 9. പരിധിയില്‍ കവിഞ്ഞ് ചെലവഴിക്കുക.

 

error: Content is protected !!