പൊലീസ് ആക്റ്റ് ഭേദഗതി; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യം

കേരളത്തില്‍ പുതിയ പോലീസ് ആക്റ്റ് ഭേദഗതി ചെയ്തു കൊണ്ട് മാധ്യമങ്ങളുടെ നേരെ അമിത ഇടപെടീല്‍ നടത്തുവാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു .

ഇതേ തുടര്‍ന്നു പോലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂവെന്നും മുഖ്യമന്ത്രി. ഭേദഗതിയെക്കുറിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും വ്യക്തികളേയും നിശബ്ദരാക്കാന്‍ ഭേദഗതിയിലൂടെ സര്‍ക്കാരിന് സാധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

സമൂഹ മാധ്യമങ്ങളെ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളേയും കൂച്ചുവിലങ്ങിടാനുള്ള നീക്കമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിമര്‍ശനം

വ്യക്തി സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യം ബാധിക്കാത്ത രീതിയില്‍ മാത്രമേ ഭേദഗതി നടപ്പാക്കൂ എന്ന് സിപിഐഎം കേന്ദ്രനേതൃത്വവും വ്യക്തമാക്കി.

കരിനിയമം അംഗീകരിക്കില്ല : മാധ്യമ സ്വാതന്ത്രം അടിയറവ് വെക്കില്ല : ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

 

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള കരിനിയമമാണിതെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ മനപൂര്‍വം കണ്ണടക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. സംഘടിതമായി മൂടിവെക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിലും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്. ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടുമെന്ന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ പറഞ്ഞു.

പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണമെങ്കിലും മാധ്യമത്തിനോ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാവുന്നതാണ്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം. ജനാധിപത്യ കേരളത്തില്‍ ഇത്തരമൊരു നിയമഭേദഗതിയുടെ ആവശ്യം നിലവിലില്ല. അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സുരക്ഷ നല്‍കുവാനാണ് ഈ കരിനിയമമെന്നും ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

error: Content is protected !!