ശബരിമലയില്‍ വനം വകുപ്പിന്‍റെ സഹായം ലഭിക്കും

ശബരിമല തീര്‍ഥാടന പാതയില്‍ തീര്‍ഥാടകര്‍ കടന്നുപോകുമ്പോള്‍ ആനയോ വന്യ മൃഗങ്ങളോ നിലയുറപ്പിച്ചാല്‍ സഹായത്തിന് വനപാലകര്‍ ഏതുസമയവും ഓടിയെത്തും. സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തിക്കുന്നു. സഹായം ആവശ്യമുള്ള തീര്‍ഥാടകര്‍ക്ക് പമ്പയിലെയോ(04735203492) സന്നിധാനത്തെയോ(04735202077) കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.

പമ്പയിലും സന്നിധാനത്തും എലിഫന്റ് സ്‌ക്വാഡിനെയും പാമ്പ് പിടുത്തതിന് ആളിനെയും വിന്യസിച്ചിട്ടുണ്ട്. പമ്പയിലെ എലിഫന്റ് സ്‌ക്വാഡില്‍ വെറ്ററിനറി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേരുണ്ട്. സന്നിധാനത്തെ എലിഫന്റ് സ്‌ക്വാഡില്‍ നിലവില്‍ ഒരാളാണുള്ളത്.
പാമ്പുകളെ പിടിക്കുന്നതിന് പമ്പയിലും സന്നിധാനത്തും ഓരോ ആള്‍വീതം 24 മണിക്കൂറും സേവനത്തിലുണ്ട്. പുലര്‍ച്ചെ പമ്പയില്‍ നിന്ന് ആദ്യം പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കും രാത്രി ദര്‍ശനം കഴിഞ്ഞ് അവസാനം ഇറങ്ങുന്ന തീര്‍ഥാടകര്‍ക്കും സുരക്ഷിത പാത ഒരുക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നു.

പാമ്പിനെ പിടിക്കുന്നതില്‍ പ്രാവീണ്യമുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും നിയോഗിച്ചിരിക്കുന്നത്.
കണ്‍ട്രോള്‍ റൂമുകളില്‍ സന്ദേശം ലഭിച്ചാലുടന്‍ സ്‌ക്വാഡുകള്‍ സ്ഥലത്തേക്ക് വേഗത്തിലെത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനം. ഇതിനു പുറമേ സ്‌ക്വാഡുകള്‍ എപ്പോഴും പട്രോളിംഗും നടത്തും. എലിഫന്റ് സ്‌ക്വാഡ് ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടുന്നതിന് പടക്കങ്ങളും ആവശ്യമെങ്കില്‍ തോക്ക് ഉള്‍പ്പെടെ ഉപയോഗിക്കും.

പമ്പയിലെയും സന്നിധാനത്തെയും കണ്‍ട്രോള്‍ റൂമുകളുടെ മേല്‍നോട്ട ചുമതല അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.ബി. സുഭാഷിനാണ്. ഈ തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ തീര്‍ഥാടകര്‍ മലകയറുമ്പോഴും ഇറങ്ങുമ്പോഴും നിലവില്‍ ഇതുവരെ ആന നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടില്ല. തീര്‍ഥാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈ തീര്‍ഥാടന കാലത്ത് പമ്പയില്‍ നിന്നും സന്നിധാനത്തു നിന്നും രണ്ട് പാമ്പുകളെ വീതം പിടിച്ചിരുന്നു. പിടികൂടുന്ന പാമ്പുകളെ ഉള്‍വനപ്രദേശത്തു തുറന്നുവിടും.