തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധന നാളെ

തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനാര്‍ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന (20 ) രാവിലെ മുതല്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമായ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയാണ് അതാത് വരണാധികാരികളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. പത്തനംതിട്ട ജില്ലയില്‍ വോട്ടെടുപ്പ് ഡിസംബര്‍ എട്ടിനാണ്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും.

സൂക്ഷ്മപരിശോധന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കോവിഡ് സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. സൂക്ഷ്മ പരിശോധന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമാകും പ്രവേശനം അനുവദിക്കുക. പരമാവധി 30 പേര്‍ മാത്രമേ അനുവദിക്കൂവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. സൂക്ഷ്മ പരിശോധന വേളയില്‍ വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ മാസ്‌ക്, കൈയ്യുറ, ഫെയ്‌സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സൂക്ഷ്മപരിശോധനയ്ക്ക് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.