പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി കത്തയച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കേരളത്തിലും പുറത്തുമായി നടത്തിയ 2000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ അനുമതി നല്‍കിയിട്ടും രണ്ടു മാസം കഴിഞ്ഞിട്ടും സി ബി ഐ അന്വേഷണം ഏറ്റെടുത്തില്ല . ഇതിനെ തുടര്‍ന്നു നിക്ഷേപകരുടെ ആവശ്യപ്രകാരം കൊടിക്കുന്നില്‍ സുരേഷ് എം പി സി ബി ഐയ്ക്ക് കത്തയച്ചു .

കോടികളുടെ നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു സി ബി ഐ എത്രയും വേഗം കേസ്സ് ഏറ്റെടുക്കുകയും നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കണ്ടെത്തി തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സി ബി ഐ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നാണ് കത്തില്‍ ഉള്ളത് . സി ബി ഐ കൊച്ചി ഓഫീസില്‍ കത്ത് സ്വീകരിച്ചു .

കേരളസര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ അനുമതി നല്‍കി ഗസറ്റില്‍ പരസ്യം നല്‍കിയിരുന്നു . കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ചു തീരുമാനം എടുത്തില്ല . സി ബി ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വേണം ഈ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ .

വിദേശത്തും പോപ്പുലറിന് ആഴത്തില്‍ വേരുകള്‍ ഉള്ളതിനാല്‍ വിദേശ രാജ്യങ്ങളില്‍ അന്വേഷണം നടക്കണം . ഇപ്പോള്‍ വിദേശത്തു ഉള്ള പോപ്പുലര്‍ ഉടമ മേരികുട്ടി ഡാനിയല്‍ കേസ്സിലെ ആറാം പ്രതിയാണ് . ഇവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കണം . ആസ്ട്രേലിയ മെല്‍ബണില്‍ ആണ് ഇവര്‍ ഉള്ളത് .