സംരംഭകര്‍ക്ക് വായ്പയുടെ പലിശ തിരികെ നല്‍കുന്നു: മാര്‍ജിന്‍ മണി പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിലവിലുളള സംരംഭകര്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭകര്‍ക്കും കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രത എന്ന പേരില്‍ ഒരു പ്രത്യേക പാക്കേജ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഉല്‍പ്പാദന പ്രക്രിയയില്‍/ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചതുമായ യൂണിറ്റുകള്‍ക്ക് (2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 ഡിസംബര്‍ 31വരെ) എടുത്തിട്ടുള്ള പുതിയതോ/ അധിക ടേം ലോണ്‍/പ്രവര്‍ത്തന മൂലധന വായ്പ വീണ്ടും എടുത്തവര്‍ക്കും ആറുമാസത്തേക്ക് പലിശ ധനസഹായം നല്‍കും. അധിക പ്രവര്‍ത്തന മൂലധനത്തിനുവേണ്ടി മാര്‍ജിന്‍മണി അസിസ്റ്റന്‍സ്, പ്രവര്‍ത്തന രഹിതമായ സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും, കശുവണ്ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെയും പുന:രുദ്ധാരണ പാക്കേജ്.

കോവിഡിനെ തുടര്‍ന്ന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ പ്രവര്‍ത്തനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ധാരാളം എം.എസ്.എം ഇ കള്‍ക്ക് അസംസ്‌കൃത വസ്തുക്കളുടെ അഭാവവും, മാര്‍ക്കറ്റ് സെയില്‍സില്‍ വന്നിട്ടുള്ള നഷ്ടവും കാരണം വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് വ്യവസായ പ്രതിനിധികളും, വ്യവസായ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ‘വ്യവസായ ഭദ്രത ‘ എന്ന പേരിലുള്ള പ്രത്യേക പാക്കേജിന് രൂപ നല്‍കുകയുണ്ടായി.

ടേം ലോണിലും പ്രവര്‍ത്തന മൂലധന വായ്പയിലും പലിശ ധനസഹായം നല്‍കുന്ന പദ്ധതി

ഈ പദ്ധതി അനുസരിച്ച് 2020 ഏപ്രില്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ എടുത്തിട്ടുള്ള പുതിയ/ അധിക ടേം ലോണിനും/അല്ലെങ്കില്‍ പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ആറു മാസത്തേക്ക് വായ്പാധനസഹായം നല്‍കും.

അപേക്ഷകര്‍ക്കു വേണ്ട യോഗ്യത:
സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലോ/ തൊഴില്‍ രംഗത്തോ സ്ഥാപിച്ചിട്ടുള്ള എം.എസ്.എം.ഇ ഇനത്തില്‍പ്പെട്ട സ്ഥാപനമായിരിക്കണം. വ്യവസായിക ഉല്‍പ്പാദനത്തിനു ശേഷം അര്‍ഹതപ്പെട്ട അധികാരികള്‍ മുന്‍പാകെ യു.എ.എം ഫയല്‍ ചെയ്തിരിക്കണം. 2020 ജനുവരി ഒന്നു മുതല്‍ 2020 മാര്‍ച്ച് 15 വരെ യൂണിറ്റ് പ്രവര്‍ത്തിച്ചിരിക്കണം.

അപേക്ഷകരുടെ അര്‍ഹത:
ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ആകെ അര്‍ഹതപ്പെട്ട തുക ഒരു യൂണിറ്റിലെ അപേക്ഷകന് 60,000 രൂപാ എന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ടേം ലോണും പ്രവര്‍ത്തന മൂലധന വായ്പയും ഉള്‍പ്പെടുന്നതും, ഇത് ഒരു പ്രാവശ്യം മാത്രം ലഭ്യമാകും.

സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന സഹായവും/ ആശ്വാസവും
പുതിയതോ/ അല്ലെങ്കില്‍ അധികമായി എടുക്കുന്നതോ ആയ പ്രവര്‍ത്തന മൂലധന വായ്പയുടെ പലിശ സഹായം.
2020 മാര്‍ച്ച് 15-ല്‍ സംസ്ഥാനത്ത് ഉല്‍പ്പാദന/സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എം.എസ്.എം.ഇ കള്‍ക്കും, ഓരോ യൂണിറ്റിനും പരമാവധി 30,000 രൂപ എന്ന കണക്കില്‍, പുതിയതോ/ അധികമായി എടുക്കുന്നതോ ആയ പ്രവര്‍ത്തന മൂലധന വായ്പയില്‍ പലിശ സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ സഹായം യൂണിറ്റ് അതിന്റെ ബാങ്കിലേക്ക്/ ധനകാര്യ സ്ഥാപനത്തിലേക്ക് വായ്പയുടെ ആദ്യ ഗഡുവിന്റെ വിതരണത്തിനു ശേഷം ആറു മാസ കാലയളവില്‍ അടച്ചിട്ടുള്ള പലിശയുടെ 50ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രില്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ അധിക പ്രവര്‍ത്തന മൂലധന വായ്പയെടുത്തിട്ടുള്ള യൂണിറ്റുകള്‍ക്ക് ഈ സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ സഹായം അപേക്ഷക യൂണിറ്റിന്റെ വായ്പാ അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം വഴി ത്രൈമാസിക റീ ഇംബേഴ്സ്മെന്റ് വ്യവസ്ഥയില്‍ നല്‍കും.

പുതിയതോ അല്ലെങ്കില്‍ അധിക ടേം ലോണിനോ ഉള്ള പലിശ സഹായം

2020 മാര്‍ച്ച് 15 വച്ച് സംസ്ഥാനത്ത് ഉല്‍പ്പാദന/ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എം.എസ്.എം.ഇ കള്‍ക്കും ഓരോ യൂണിറ്റിനും പരമാവധി 30,000 രൂപ എന്ന കണക്കില്‍, പുതിയതോ/അധികമായി എടുക്കുന്നതോ ആയ പ്രവര്‍ത്തന മൂലധന വായ്പയില്‍ പലിശാ സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ സഹായം യൂണിറ്റ് അതിന്റെ ബാങ്കിലേക്ക്/ ധനകാര്യ സ്ഥാപനത്തിലേക്ക് വായ്പയുടെ ആദ്യ ഗഡുവിന്റെ വിതരണത്തിനു ശേഷം ആറു മാസ കാലയളവില്‍ അടച്ചിട്ടുള്ള പലിശയുടെ 50% ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രില്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെ അധിക പ്രവര്‍ത്തന മൂലധന വായ്പയെടുത്തിട്ടുള്ള യൂണിറ്റുകള്‍ക്ക് ഈ സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ സഹായം അപേക്ഷകന്റെ വായ്പാ അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം വഴി ത്രൈമാസിക റീ ഇംബേഴ്സ്മെന്റ് വ്യവസ്ഥയില്‍ നല്‍കും.

നാനോ സംരംഭങ്ങള്‍ക്ക് മാര്‍ജിന്‍ മണിഗ്രാന്റ്

2020 ഏപ്രില്‍ ഒന്നു മുതല്‍ സ്വന്തം മുതല്‍മുടക്ക് ഉപയോഗിച്ചോ ബാങ്ക് വായ്പ എടുത്തോ ഉത്പാദന-ജോബ് വര്‍ക്ക് സംരംഭം ആരംഭിച്ചവര്‍ക്കും ആരംഭിക്കുവാന്‍ താത്പര്യമുള്ളവര്‍ക്കും ആകെ മുതല്‍ മുടക്കിന്റെ 40ശതമാനം വരെ ഗ്രാന്റായി ലഭിക്കും. ആകെ പദ്ധതി ചെലവ് 10 ലക്ഷം വരെ യൂണിറ്റുകളേയാണ് നാനോ സംരംഭമായി പരിഗണിക്കുന്നത്. വനിത, പട്ടികജാതി പട്ടിക വര്‍ഗം, യുവാക്കള്‍ വിമുക്തഭടന്മാര്‍ എന്നിവരുടെ സംരംഭങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ പരമാവധി നാല് ലക്ഷം രൂപ വരെയും മറ്റുള്ളവര്‍ക്ക് 30ശതമാനം പരമാവധി മൂന്ന് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. സംരംഭകരും ആകെ പദ്ധതി ചെലവിന്റെ 30 ശതമാനമെങ്കിലും ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണം. ബാങ്ക് പദ്ധതി അനുവദിക്കുകയും വിഹിതം ബാങ്കില്‍ അടയ്ക്കുകയും ചെയ്യുമ്പോള്‍ മുന്‍കൂറായി ആനുകൂല്യം ലഭിക്കും. ബാങ്ക് വായ്പ കൂടാതെ സ്വന്തമായി മുതല്‍ മുടക്കുന്നവര്‍ക്കും മുന്‍കൂറായി സബ്സിഡി ലഭിക്കും. എന്നാല്‍ ആറുമാസത്തിനുള്ളില്‍ സംരംഭം ഉത്പാദനം ആരംഭിക്കണം.

അര്‍ഹതാമാനദണ്ഡം
സ്പെഷ്യല്‍ കാറ്റഗറിയായ വനിതകള്‍, അംഗവൈകല്യമുള്ളവര്‍, വിമുക്തഭടന്മാര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, യുവസംരംഭകര്‍ ( 40 വയസുവരെ പ്രായപരിധിയിലുള്ളവര്‍) എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. 30ശതമാനം സംരംഭകര്‍ വനിതകളായിരിക്കണമെന്ന് നിബന്ധനയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:- പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസ്- 8848203103, 9496267826.തിരുവല്ല താലൂക്ക് വ്യവസായ ഓഫീസ് – 9447715188, 9846697475, അടൂര്‍ താലൂക്ക് വ്യവസായ ഓഫീസ് – 9846996421, 9789079078, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി – 9446070725, 8590741115.