Trending Now

ജില്ലയിലെ ആറു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും പട്ടയ വിതരണവും നടത്തി

 

കോന്നി വാര്‍ത്ത : ജില്ലയിലെ ആറു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അങ്ങാടിക്കല്‍, കലഞ്ഞൂര്‍, കൂടല്‍, ചേത്തയ്ക്കല്‍, കൊല്ലമുള, നിരണം എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി. ജനസൗഹൃദപരവും, ആധുനിക രീതിയിലും സുതാര്യവും ഉത്തരവാദിത്വപരമായും ജനങ്ങള്‍ക്ക് സേവനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ ഓഫീസ് കെട്ടിടങ്ങളില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം, റിക്കോര്‍ഡ് റൂം, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍. 32 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കില്‍ വിതരണത്തിനു തയാറായ നാലു പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും.
പത്തനംതിട്ട കളക്‌ട്രേറ്റില്‍, ഓണ്‍ലൈനായി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.രാജു, എംഎല്‍എ മാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ.ബിജു, എ.ഡി.എം അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ 1250 വില്ലേജ് ഓഫീസുകളുടെ
സൗകര്യം മെച്ചപ്പെടുത്തി: മന്ത്രി ഇ. ചന്ദ്രശേഖരന്‍
സംസ്ഥാനത്തെ 1250 വില്ലേജ് ഓഫീസുകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ സൗകര്യമൊരുക്കാന്‍ കഴിഞ്ഞെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ ആറു വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം, പട്ടയ വിതരണം എന്നിവയോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 1,63691 പട്ടയങ്ങള്‍ ഇതുവരെ നല്‍കാന്‍ കഴിഞ്ഞു. റവന്യു വകുപ്പിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒരുക്കുന്നത്. 441 പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിര്‍മിച്ചു. 186 വില്ലേജ് ഓഫീസുകള്‍ക്ക് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും 255 വില്ലേജ് ഓഫീസുകള്‍ക്ക് റീ ബില്‍ഡ് കേരള വഴിയും പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു.
310 വില്ലേജ് ഓഫീസുകള്‍ക്ക് അറ്റകുറ്റപ്പണിയും, 308 ഓഫീസുകള്‍ക്ക് ചുറ്റുമതിലും, 318 ഓഫീസുകളില്‍ അധിക മുറികളും 673 ഓഫീസുകളില്‍ കുടിവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റവന്യു വകുപ്പ് മികച്ച നടപടികളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

നാലു താലൂക്കുകളിലായി 32 പട്ടയങ്ങള്‍ വിതരണം ചെയ്തു
ജില്ലയില്‍ നാലു താലൂക്കുകളിലായി നടന്ന പട്ടയ വിതരണത്തില്‍ 32 പട്ടയങ്ങള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫന്‍സ് മുഖേന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാലു താലൂക്കുകളിലായി 32 പട്ടയങ്ങള്‍ അതത് എംഎല്‍എമാരാണ് വിതരണം ചെയ്തത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത്. 15 എണ്ണം. റാന്നി ഒന്‍പത്, കോഴഞ്ചേരി ആറ്, അടൂര്‍ രണ്ട് എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കിലെ നാല് പട്ടയങ്ങള്‍ വിതരണത്തിന് തയാറായിരിക്കുകയാണ്. ഇത് ഉടന്‍ നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് നാലര വര്‍ഷം പിന്നിടുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ 694 പട്ടയങ്ങളും 74 വന അവകാശ രേഖകളും വിതരണം ചെയ്തു. ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം (എല്‍.എ )366 പട്ടയങ്ങളാണ് ജില്ലയില്‍ ആകെ വിതരണം നടത്തിയത്. ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം (എല്‍.എ ) അടൂര്‍ താലൂക്കില്‍ 36, തിരുവല്ല താലൂക്കില്‍ 42, മല്ലപ്പള്ളി താലൂക്കില്‍ 20, റാന്നി താലൂക്കില്‍ 219, കോന്നി താലൂക്കില്‍ 44, കോഴഞ്ചേരി താലൂക്കില്‍ 37 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

 

error: Content is protected !!