സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളുംഇന്ന് മുതല്‍ തുറക്കും

 

സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതല്‍ (നവംബര്‍ 01 ) തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍.

ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്തു മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പുരവഞ്ചികള്‍, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് ഒക്ടോബര്‍ പത്തിന് പുനരാരംഭിച്ചത്. അതിനാല്‍ തന്നെ സാമൂഹ്യഅകലം, മാസ്‌ക്, സോപ്പ്-സാനിറ്റൈസര്‍ എന്നിവയടങ്ങിയ എസ്എംഎസ് മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താന്‍ എളുപ്പമായിരുന്നു. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായി.
കൊവിഡ് മാനദണ്ഡങ്ങള്‍ ഇങ്ങനെ

നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍ മുതലായ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ചെയ്യാന്‍ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും.
കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുമെന്ന് ഉറപ്പു വരുത്തും.
നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം പൊലീസ്, കുടുംബശ്രീ, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും.
സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
മ്യൂസിയം, പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും.
വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.
വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കും. വിശ്രമമുറി, ശുചിമുറികള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, സോപ്പും വെള്ളവും, സാമൂഹ്യ അകലം എന്നിവ പാലിക്കണം.
ഏഴ് ദിവസത്തില്‍ താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. പക്ഷെ അവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാനാഗ്രഹിക്കുന്നവര്‍ ഏഴാം ദിവസം ഐസിഎംആര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ അംഗീകൃതമായ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ യാത്ര ഒഴിവാക്കേണ്ടതാണ്.
ആതിഥേയ വ്യവസായങ്ങള്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പുരവഞ്ചികള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയ ടൂറിസം രംഗത്തെ സമസ്ത മേഖലയും കൊവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം

error: Content is protected !!