പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :അഞ്ചാം പ്രതി പോലീസ് കസ്റ്റഡിയില്‍

 

കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ഡോ :റിനു  വിനെ  മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു . ആലപ്പുഴ അഡീ .സെക്ഷന്‍ കോടതിയാണ് പോലീസ് അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിച്ചത് . കോവിഡ് ബാധയെ തുടര്‍ന്നു ഇവര്‍ ചികില്‍സയില്‍ ആയിരുന്നു . പോലീസ് കസ്റ്റഡിയില്‍ എടുത്ത നിലബൂരിലെ വീട്ടില്‍ എത്തിച്ചുള്ള തെളിവെടുപ്പാണ് പോലീസ് ഉദേശിക്കുന്നത് .

പോപ്പുലര്‍ ഫിനാന്‍സ് കേന്ദ്ര ഓഫീസായ കോന്നി വകയാറിലും അതിന്‍റെ 286 ശാഖകളിലൂടെയും 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പാണ് നടന്നതെന്ന് പോലീസ് കരുതുന്നു . 125 കോടി രൂപയുടെ ആസ്തി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . 12 കാറുകള്‍ പോലീസ് പിടിച്ചെടുത്തു . അന്യ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഉടമകള്‍ വാങ്ങിയ വസ്തു വകകളില്‍ ചിലത് പോലീസ് കണ്ടെത്തിയിരുന്നു . മുഖ്യ പ്രതി തോമസ് ഡാനിയലും ഭാര്യയും മൂന്ന് പെണ്‍ മക്കളും ചേര്‍ന്ന് 75000 വരുന്ന നിക്ഷേപകരുടെ 2000 കോടി രൂപയെങ്കിലും തട്ടിച്ചു എന്നാണ് പോലീസ് നിഗമനം .

പരാതികള്‍ കേരളത്തിലും പുറത്തുമായി പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് . എല്ലാ പരാതിയും കോന്നി പോലീസിലെ ഒരു പരാതിയിലേക്ക് കൂട്ടി ചേര്‍ത്തുള്ള എഫ് ഐ ആര്‍ നീക്കം നിക്ഷേപകര്‍ കോടതിയില്‍ ചോദ്യം ചെയ്തതോടെ ഓരോ പരാതിയിലും ഓരോ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു . എന്നാല്‍ എല്ലാ പരാതിയിലും പോലീസ് കേസ്സ് എടുത്തിട്ടില്ല . പോലീസ് നടപടി ക്രമങ്ങള്‍ നീണ്ടു പോകുന്നു . കേസ്സ് സി ബി ഐയ്ക്ക് കൈമാറിക്കൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കി എങ്കിലും സി ബി ഐ ഇതുവരെ കേസ് ഏറ്റെടുത്തില്ല . എന്‍ഫോര്‍സ്മെന്‍റും അന്വേഷണം നടത്തുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു . ഓരോ ജില്ലയിലും ഉള്ള പോപ്പുലര്‍ ഗ്രൂപ്പിന്‍റെ ബ്രാഞ്ചുകള്‍ പോലീസ് സീല്‍ ചെയ്തിട്ടുണ്ട് . ഇവരുടെ ആസ്തി പൂര്‍ണ്ണമായും കണ്ടെത്തി ലേല വ്യവസ്ഥയോടെ നിക്ഷേപരുടെ പണം തിരികെ കൊടുക്കാന്‍ ഉള്ള രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് .അതിനായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു .

21 ഷെയര്‍ കമ്പനിയിലൂടെ നിക്ഷേപകര്‍ അറിയാതെ പണം വകമാറ്റി എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലൂടെ പോലീസ് മനസ്സിലാക്കുന്നത് . വിദേശ രാജ്യത്തിലേക്ക് കടക്കുവാന്‍ ഉള്ള ഉടമയുടെ രണ്ടു മക്കളുടെ നീക്കം പോലീസ് അറിയുകയും ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചു ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . മുഖ്യ പ്രതി തോമസ് ഡാനിയല്‍ ,ഭാര്യ പ്രഭ എന്നിവര്‍ പോലീസിന് കീഴടങ്ങിയിരുന്നു . നിലവില്‍ 5 പ്രതികള്‍ ആണ് ഉള്ളത് . ഡോ :റിയയാണ് ഷെയര്‍ കമ്പനികള്‍ രൂപീകരിച്ചതും തട്ടിപ്പിന് സൂത്ര ധാരയെന്നും പോലീസ് പറയുന്നു .

വിശ്വസ്തതയില്‍ ഏറെ മുന്നില്‍ ആയിരുന്ന പോപ്പുലര്‍ ഫിനാന്‍സ് 2015 മുതല്‍ തകര്‍ച്ചയുടെ വക്കില്‍ ആയിരുന്നു . മക്കളെ കാര്യങ്ങള്‍ ഏല്‍പ്പിച്ചതോടെ സ്ഥാപനം പൂര്‍ണ്ണമായും തകര്‍ന്നു . ഇവര്‍ തുടങ്ങി വെച്ച മറ്റ് സ്ഥാപനങ്ങള്‍ എല്ലാം നഷ്ടത്തില്‍ ആയിരുന്നു . വകയാര്‍ ലാബ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപന പേരിലും ഒടുവില്‍ ഷെയര്‍ കമ്പനി വ്യാജമായി നിര്‍മ്മിച്ചു കൊണ്ട് മാതൃ സ്ഥാപനത്തില്‍ നിന്നും വന്‍ തുകകള്‍ വക മാറ്റിയിരുന്നു എന്നു പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു .

error: Content is protected !!