കോവിഡ്-19 : ജാഗ്രത വേണം : പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന അളവില്‍ ഇല്ലെങ്കിലും ജാഗ്രത കൈവിട്ടാല്‍ അപകടകരമായ സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ , വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ തിരക്ക് ഒഴിവാക്കണം. എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുന്നത് ജീവിതശൈലിയുടെ ഭാഗമാക്കണം. ഓരോ വ്യക്തിയും പുലര്‍ത്തുന്ന ജാഗ്രതയാണ് കോവിഡിനെതിരെയുളള പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.

വീടുകളില്‍ ചികിത്സ സുരക്ഷിതം

ജില്ലയില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം ആകെയുളള രോഗികളുടെ പകുതിയിലധികം വരും. ഇതിനോടകം മൂവായിരത്തോളം പേര്‍ വീടുകളില്‍ തന്നെ ചികിത്സാകാലം സുരക്ഷിതമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെയാണ് ഗൃഹനിരീക്ഷണത്തിന് അനുവദിക്കുന്നത്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നത് സുരക്ഷിതമാണ്. ഇവരുടെ രോഗവിവരങ്ങള്‍ ദിവസവും പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തും. അതാതു പ്രദേശങ്ങിലെ ആരോഗ്യകേന്ദ്രത്തിലെ ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഓഫീസറുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഗൃഹനിരീക്ഷണത്തിലുളള രോഗികള്‍ അറിഞ്ഞിരിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഈ നമ്പറുകളില്‍ വിളിച്ച് അറിയിക്കണം. കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരായ 0468 2228220 ലേക്കും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.