ആറ് പുതിയ ഫിഷ് മാർട്ടുകൾ കൂടി 21 മുതൽ

 

കോന്നി വാര്‍ത്ത : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ആറ് സഹകരണ ബാങ്കുകളുമായി ചേർന്ന് ആറ് പുതിയ ഫിഷ് മാർട്ടുകൾ ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ ഫിഷ് മാർട്ട് ആരംഭിക്കുന്ന പദ്ധതി പ്രകാരമാണ് പുതിയ ഫിഷ് മാർട്ടുകൾ ആരംഭിക്കുന്നത്.
ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
കൊല്ലം ജില്ലയിലെ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്, പൂവത്തൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം സർവീസ് സഹകരണ ബാങ്ക്, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക്, എറണാകുളം ജില്ലയിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്, കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ കൗണ്ടറുകളുമായി ചേർന്നാണ് പുതിയ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുന്നത്.
ഫിഷ് ലാന്റിംഗ് സെന്ററുകളിൽ നിന്നും ഹാർബറുകളിൽ നിന്നും ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടനിലക്കാരുടെ ഇടപെടലും ചൂഷണവും അവസാനിപ്പിച്ച് മത്സ്യത്തിന് യഥാർത്ഥ വിലയും തൂക്കവും ഉറപ്പുവരുത്തി മത്സ്യഫെഡ് സംഭരിക്കുന്ന മത്സ്യങ്ങളാണ് ഫിഷ് മാർട്ടുകളിൽ വിൽപനയ്ക്ക് എത്തുന്നത്.
മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ സ്വാഗതം പറയും. അതാത് ബൂത്തുകൾ സ്ഥിതിചെയ്യുന്ന മണ്ഡലങ്ങളിലെ എം.എൽ.എ മാർ, മറ്റ് ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ സി.എ. ലത, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ്, ജില്ലയിലെ മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ, ജില്ലാ മാനേജർമാർ, സഹകരണ ബാങ്ക് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.