പരാതികള്‍ക്ക് സത്വര പരിഹാരവുമായി അദാലത്ത്

 

കോന്നി വാര്‍ത്ത : ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്തിവരുന്ന ഓണ്‍ലൈന്‍
അദാലത്തിന്റെ ഭാഗമായി ലഭിച്ച മല്ലപ്പളളി താലൂക്കിലെ 26 പരാതികളില്‍ 11 എണ്ണം തത്സമയം തീര്‍പ്പായി. ബാക്കി പരാതികളില്‍ കൂടുതല്‍ വ്യക്തത ഉറപ്പു വരുത്തേണ്ടവയില്‍ തുടരന്വേഷണം, ഹിയറിംഗുകള്‍ തുടങ്ങിയവയിലൂടെ പരിഹരിക്കും.
സ്വകാര്യ വ്യക്തികള്‍ തമ്മിലുളള വസ്തു, വഴി, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ അദാലത്തില്‍ ലഭിച്ചിരുന്നു. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ച പരാതികള്‍ കോടതിയുടെ പരിഗണനക്ക് വിട്ടു. പോലീസിന്റെ അന്വേഷണം ആവശ്യമുളള പരാതികള്‍ ആ രീതിയില്‍ പരിഹരിക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെ പരിഹരിക്കേണ്ട പരാതികളുടെ തുടര്‍ നിരീക്ഷണത്തിന് എല്‍.എ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ യാതൊരു കാലതാമസവും കൂടാതെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള പരാതികളുടെ നിയമസാധുത പരിശോധിച്ച് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റില്‍ അയച്ച് നടപടി സ്വീകരിക്കും. സമീപവാസികളുടെ മരങ്ങള്‍ ജീവനും സ്വത്തിന് ഭീഷണിയാണെന്നറിയിച്ച് ലഭിച്ച പരാതികളുടെ വ്യക്തത ഉറപ്പു വരുത്തി ശിഖരങ്ങള്‍ മുറിച്ച് മാറ്റിയതിനുശേഷം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മല്ലപ്പുഴശേരി പഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളിലൂടെ ലഭിച്ച മൂന്ന് സെന്റ് സ്ഥലം നിലമായതിനാല്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട്‌വയ്ക്കാന്‍ സാധ്യമല്ലെന്നും മറ്റൊരു സൗകര്യം ലഭ്യമാക്കിയാല്‍ സ്ഥലം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നുമറിയിച്ച് ഇപ്പോള്‍ മല്ലപ്പളളിയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ അദാലത്തിനെ സമീപിച്ചു. ഈ പരാതിയുമായി ബന്ധപ്പെട്ട് നിലവിലുളള വസ്തു മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ സറണ്ടര്‍ ചെയ്തതിനു ശേഷം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിന് അദാലത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് കുന്നന്താനം സ്വദേശിനിയുടെ പരാതിയിന്മേല്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കുന്നതിന് ജില്ലാ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ടാക്സ് രസീതില്‍ പേര് ചേര്‍ക്കണമെന്നാവശ്യവുമായി എത്തിയ പുറമറ്റം സ്വദേശിയുടെ പരാതിയില്‍ സര്‍വെയര്‍ മുഖേന സ്ഥലപരിശോധന നടത്തിയതായും രണ്ടാഴ്ചയ്ക്കകം പരാതി തീര്‍പ്പാക്കുന്നതാണെന്നും മല്ലപ്പളളി തഹസില്‍ദാര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ എ.ഡി.എം അലക്സ് പി.തോമസ്, അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാ സിനി, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ് ജയശ്രീ, മല്ലപ്പളളി തഹസില്‍ദാര്‍ എം.ടി ജയിംസ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!