പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കണം: മുഖ്യമന്ത്രി

 

കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആയിരത്തിലധികം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുകയായിരുന്നു മുഖ്യമന്ത്രി.
1260 പച്ചത്തുരുത്തുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പക്ഷികളുടേയും ചെറുജീവികളുടേയും ആവാസ കേന്ദ്രമായി പല പച്ചത്തുരുത്തുകളും ഇതിനകം മാറിയതായും ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും കണ്ടറിയാവുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ സംരക്ഷിക്കുന്ന ചുമതലയാണ് വൃക്ഷങ്ങളുടെ പരിപാലനത്തിലൂടെ നിറവേറ്റപ്പെടുന്നതെന്നും എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ കൈവരിച്ച ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ഭൂമിക്ക് പുറമേ സ്വകാര്യഭൂമിയിലും സ്ഥാപനങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പരിസ്ഥിതിയേയും കേരളത്തിന്റെ ജൈവവൈവിധ്യ കലവറയേയും സംരക്ഷിക്കാനുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് പച്ചത്തുരുത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പച്ചത്തുരുത്ത് ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സാമൂഹിക ഉത്തരവാദിത്തത്തോടെ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച് വരുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് 1261-ാമതായി തുടങ്ങിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.
ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു. തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അനുമോദന പത്രം നല്‍കി.

പത്തനംതിട്ടയ്ക്ക് ഹരിതകവചം തീര്‍ത്ത്
60 പച്ചത്തുരുത്തുകള്‍

അതിജീവനത്തിന്റെ 60 ചെറുതുരുത്തുകള്‍ തയ്യാറാക്കി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. 17 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണു ജൈവകലവറയായ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിനു ശേഷം പച്ചത്തുരുത്ത് സ്ഥാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയ സംഘാടക സമിതി യോഗവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണു പച്ചത്തുരുത്ത് സ്ഥാപിക്കുന്നത്. പച്ചത്തുരുത്തിന് ആവശ്യമായുള്ള 1,25,000 തൈകളാണു സാമൂഹ്യ വനവത്ക്കരണ വിഭാഗത്തില്‍ നിന്നും ലഭ്യമാക്കിയത്. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പച്ചത്തുരുത്തുകളുടെ സംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ട് ഉണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും ഈ ചെറുതുരുത്തുകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ജൈവവൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്.
മുഴുവന്‍ വാര്‍ഡുകളിലും പച്ചത്തുരുത്ത് ഒരുക്കി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ഗ്രാമമായ കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, ആയുര്‍വേദ സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചത്തുരുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാപിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചത്തുരുത്ത്, ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തരത്തില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി വരുന്ന പെരിങ്ങര മോഡല്‍ പച്ചത്തുരുത്ത് എന്നിവയെല്ലാം ജില്ലയുടെ നേട്ടങ്ങളാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമോദന പത്രം കൈമാറി.
ഡി ഡി പി ഷാജി ബോണ്‍സ്ലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്‍ ഹരി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലും, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ഇ. വിനോദ് കുമാര്‍ കുളനട ഗ്രാമപഞ്ചായത്തിലും, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം. ബി. ദിലീപ് കുമാര്‍ ആറന്മുള ഗ്രാമപഞ്ചായത്തിലും, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എ ഹിലാല്‍ ബാബു (സാമൂഹ്യ വനവത്കരണ വിഭാഗം കോന്നി) മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലും പച്ചത്തുരുത്ത് പരിപാടിയില്‍ പങ്കെടുത്തു. പെരിങ്ങര മാതൃകാ പച്ചത്തുരുത്ത്

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിനുതന്നെ മാതൃകയായി സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്ത് പെരിങ്ങരയില്‍. പ്രകൃതിയോടുളള കരുതലുമായി ജൈവവൈവിധ്യത്തിന്റെ നിറവില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്‌കൂളില്‍ 76.6 സെന്റിലായാണ് മാതൃകാ പച്ചത്തുരുത്ത് ഒരുങ്ങുന്നത്. സംസ്ഥാനത്തെ 1000 പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പെരിങ്ങര മാതൃകാ പച്ചത്തുരുത്ത് ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എം.എല്‍.എ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പച്ചത്തുരുത്ത് സന്ദേശം നല്‍കി.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ മാതൃകാ പച്ചത്തുരുത്തില്‍ തൈ നട്ട് നടീല്‍ ഉദ്ഘാടനം ചെയ്തു. മാതൃകാ പച്ചത്തുരുത്തിന്റെ തുടര്‍പരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ് ചെയര്‍പേഴ്സണും വാര്‍ഡ് മെമ്പര്‍ പി.ജി പ്രകാശ് കണ്‍വീനറുമായ ജനകീയ സംഘാടക സമിതി രൂപീകരിച്ചു. അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബയോഡൈവേഴ്സിറ്റി ജില്ലാ കോര്‍ഡനേറ്റര്‍ മാത്യു എം.തോമസ് എന്നിവരാണ് രക്ഷാധികാരികള്‍. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫീസര്‍, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.എസ് സരസ്വതി അന്തര്‍ജനം, സയന്‍സ് അധ്യാപികമാരായ പ്രീതി, ചിത്ര, വിദ്യാര്‍ത്ഥികള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, സമീപവാസികള്‍ എന്നിവരെ അംഗങ്ങളാക്കിയാണ് ജനകീയ സംഘാടക സമിതി രൂപീകരിച്ചത്. പച്ചത്തുരുത്തിന്റെ പ്രാദേശിക ഉടമസ്ഥാവകാശം ജനകീയ സംഘാടക സമിതിയ്ക്കായിരിക്കും.
പച്ചത്തുരുത്ത് പദ്ധതിയോടനുബന്ധിച്ച് അനുമോദന പത്രവും കൈ പുസ്തകവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോള്‍ ജോസിന് കൈമാറി.
ഉദ്ഘാടനത്തോടനുബന്ധിച്ച് മരോട്ടി, അശോകം, വേങ്ങ, ഉങ്, കരിമരം, തുടങ്ങിയ സസ്യങ്ങളാണ് പച്ചത്തുരുത്തില്‍ നട്ടത്. 250 ഓളം ഇനത്തില്‍പ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും സജ്ജീകരിച്ച് ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തലത്തിലുളള ബയോപാര്‍ക്കാണ് മാതൃകാ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്.

error: Content is protected !!