കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആചാരപരമായി നവരാത്രി എഴുന്നള്ളത്ത്

എഴുന്നള്ളത്ത് 14 ന് പദ്മനാഭപുരത്ത് നിന്നും ആരംഭിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ വർഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ 13ന് വിഗ്രഹങ്ങൾ ശുചീന്ദ്രത്ത് നിന്നും പദ്മനാഭപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ കന്യാകുമാരി ജില്ലാഭരണകൂടം സ്വീകരിക്കും. 14ന് പദ്മനാഭപുരത്ത് നിന്നും കുഴിത്തുറയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടുവരുന്ന പല്ലക്കുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കാവുന്നതാണ് എന്ന് തന്ത്രിയും ബ്രാഹ്‌മണസഭയും അറിയിച്ചു. ഇതേ തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം നാല് പേർ വീതം എടുക്കുന്ന പല്ലക്കുകളിൽ സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കും.
തന്ത്രിയുമായും കൊട്ടാരം പ്രതിനിധികളുമായും ചർച്ച ചെയ്ത് ബ്രാഹ്‌മണ സഭ സമർപ്പിച്ച നിർദ്ദേശങ്ങളുടെയും നവരാത്രി ട്രസ്റ്റുകളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങൾ ഇവയാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എഴുന്നള്ളത്ത് നടത്തേണ്ടതിനാൽ വഴിയിലുള്ള സ്വീകരണവും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു.
റോഡിൽ തിരക്ക് കുറഞ്ഞ സമയങ്ങളിലാകും എഴുന്നള്ളത്ത് നടത്തുക. 15ന് രാവിലെ ആറ് മണിക്ക് കുഴിത്തുറയിൽ നിന്നും എഴുന്നള്ളത്ത് ആരംഭിച്ച് രാവിലെ 8.30ന് കളിയിക്കാവിളയിൽ എത്തും. അവിടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് ശേഷം ഒൻപത് മണിക്ക് തിരിച്ച് 12 മണിക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തും. നെയ്യാറ്റിൻകര നിന്നും 16ന് രാവിലെ 5.30ന് തിരിച്ച് ഒൻപത് മണിക്ക് കരമനയിൽ എത്തും. അവിടെ നിന്നും മൂന്ന് മണിക്ക് തിരിച്ച് നാല് മണിക്ക് കോട്ടക്കകത്ത് എഴുന്നളത്ത് എത്തിച്ചേരുന്നതാണ്.
ശാന്തിക്കാരെയും പല്ലക്ക് എടുക്കുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മുൻകൂറായി കോവിഡ് ടെസ്റ്റിന് വിധേയരാകും.
യോഗത്തിലെ തീരുമാനങ്ങൾക്ക് കൊട്ടാരം പൂർണ പിന്തുണ അറിയിച്ചു. അനുകൂല നിലപാട് സ്വീകരിച്ച സർക്കാരിനുള്ള നന്ദി ബ്രാഹ്‌മണ സഭയും അറിയിച്ചു.
യോഗത്തിൽ മേയർ കെ ശ്രീകുമാർ, ശശി തരൂർ എംപി, എംഎൽഎമാരായ വിഎസ് ശിവകുമാർ, ഐബി സതീഷ്, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കന്യാകുമാരി സബ് കളക്ടർ, കേരള പോലീസ്, തമിഴ്‌നാട് പോലീസ് കൊട്ടാരം പ്രതിനിധി, ബ്രാഹ്‌മണസഭ, നവരാത്രി ട്രസ്റ്റ് കമ്മിറ്റികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!