വാഹന രേഖകൾ പോളികാർബണേറ്റ് കാർഡുകളായി നല്‍കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പോളികാർബണേറ്റ് കാർഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളായി നൽകുന്നതിന് ഉടൻ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ, ഫറോക്ക്, ചടയമംഗലം, പത്തനാപുരം സബ് ആർടി ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രീകൃത ഓൺലൈൻ വാഹന പരിശോധന സംവിധാനവും അവസാന ഘട്ടത്തിലാണ്. അപകട മരണ നിരക്ക് കുറയ്ക്കുന്നതിന് നടപ്പാക്കിയ സേഫ് കേരള പദ്ധതി ഫലപ്രദമാണ്. ഇതിന്റെ ഭാഗമായി 85 സ്‌ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 99 മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരെയും 255 അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരെയും നിയമിച്ചു.
ചെക്ക്‌പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കാനുള്ള ആർ. എഫ്. ഐ. ഡി സംവിധാനവും സ്‌റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജി. പി. എസ് ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മോട്ടോർ വാഹന വകുപ്പിൽ സുതാര്യമായും വേഗത്തിലും സേവനം നൽകാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. കമ്പ്യൂട്ടർ അധിഷ്ഠിത ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരു താലൂക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒരു ഓഫീസ് എങ്കിലും ഉണ്ടാവണമെന്നാണ് സർക്കാർ കാഴ്ചപ്പാട്. സംസ്ഥാനത്ത് മൊത്തം 67 സബ് ആർ. ടി ഓഫീസുകളാണ് ഇപ്പോൾ ഉള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയതായി 12 ആർ. ടി ഓഫീസുകൾ ആരംഭിച്ചു.
ആർ. ടി ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതിയുടെ ദുഷ്‌പേരിന് അറുതി വരുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. അത്തരക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ച് പൊതുജന സേവനത്തെ അഴിമതി മുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങളിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

error: Content is protected !!