കോന്നി മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കഴിഞ്ഞ നാലര വര്‍ഷത്തെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ  വളര്‍ച്ച തള്ളിക്കളയാനാവില്ല: മുഖ്യമന്ത്രി

 

കഴിഞ്ഞ നാലര വര്‍ഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളും ജില്ല, ജനറല്‍ ആശുപത്രികള്‍ കൂടുതല്‍ മികച്ച നിലയിലും ആയിട്ടുണ്ട്. ഈ യാഥാര്‍ഥ്യത്തിനു നേരേ കണ്ണടയ്ക്കാനാവില്ല. നാട്ടിലെ ജനങ്ങളും മറ്റു സംസ്ഥാനങ്ങളും രാജ്യവും ലോകവും കേരളത്തിന്റെ നേട്ടം അംഗീകരിക്കുമ്പോഴും അതിനു കഴിയാത്ത മാനസികാവസ്ഥയിലുള്ളവര്‍ നാട്ടിലുണ്ട്. കോവിഡ് മഹാമാരിയെ നല്ലരീതിയില്‍ പിടിച്ചു നിര്‍ത്തിയതിലും അവര്‍ക്ക് വിഷമമായിരുന്നു. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും മരണ നിരക്ക് നല്ല രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. ലോകത്തിലെ മുന്‍നിര പ്രദേശങ്ങളുടെ പട്ടികയിലാണ് കേരളം. അതിലും ഇക്കൂട്ടര്‍ക്ക് വിഷമമുണ്ട്. ശരിയായ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാനുള്ള ശ്രമമുണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളജിനായി 351 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. മാസ്റ്റര്‍പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് കിഫ്ബിയില്‍ നിന്ന് തുക ലഭ്യമാക്കി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കും. പത്തനംതിട്ട ജില്ലയ്ക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളജ് പ്രയോജനപ്പെടും. അടുത്തഘട്ട വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടേകാല്‍ ലക്ഷം വീടുകള്‍ ലൈഫ് മിഷന്‍ വഴി പൂര്‍ത്തിയാക്കി. ഈ ജന്മത്തില്‍ സ്വന്തമായി വീടുവയ്ക്കാന്‍ സാധിക്കില്ല എന്നു ചിന്തിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ ഇന്നു സ്വന്തം വീട്ടില്‍ കഴിയുന്നു. വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് നാടിന്റെ നേട്ടമാണ്. അതിനെ ചിലര്‍ കരിവാരിതേയ്ക്കാന്‍ ശ്രമിക്കുന്നു. ലൈഫിലെ ബാക്കി വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി.  എംഎല്‍എമാരായ അഡ്വ.കെ.യു ജനീഷ് കുമാര്‍, രാജു ഏബ്രഹാം, വീണാ ജോര്‍ജ്,  ജില്ലാ കളക്ടര്‍ പി.ബി നൂഹ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.എ.റംലാബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ മധു, ബീനാ പ്രഭ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടറും സ്‌പെഷല്‍ ഓഫീസറുമായ ഡോ. ഹരികുമാരന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, സൂപ്രണ്ട് ഡോ.എസ്.സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.സി.എസ് വിക്രമന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ ആര്‍. ഉണ്ണികൃഷ്ണ പിള്ള, കെ എസ് ആന്‍ഡ് സിഇഡബ്ല്യുഡബ്ല്യു എഫ്ബി ചെയര്‍മാന്‍ കെ.അനന്തഗോപന്‍, സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം പി.ജെ. അജയകുമാര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ പി.ആര്‍. ഗോപിനാഥന്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് എന്‍.എം രാജു, എന്‍സിപി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് സാജു അലക്സാണ്ടര്‍, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജോ എണ്ണയ്ക്കാട്, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ, കേരള കോണ്‍ഗ്രസ് സ്‌കറിയ ജില്ലാ പ്രസിഡന്റ് ബാബു പറയത്ത് പാട്ടില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പുറം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.എ സൂരജ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!