കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടനം: ഒരുക്കങ്ങള്‍ എംഎല്‍എമാര്‍ വിലയിരുത്തി

 

കോന്നി മെഡിക്കല്‍ കോളജിലെ എംഎല്‍എ സംഗമം ഉദ്ഘാടന ഒരുക്കങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി മാറി. സിസിടിവി സിസ്റ്റവും, പിഎ സിസ്റ്റവും കമ്മീഷന്‍ ചെയ്യാനാണ് റാന്നി എംഎല്‍എ രാജു ഏബ്രഹാമും, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും മെഡിക്കല്‍ കോളജിലെത്തിയത്. മെഡിക്കല്‍ കോളജ് ഉദ്ഘാടന പ്രവര്‍ത്തനവുമായി ഓടി നടക്കുന്ന കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ കൂടി ആയപ്പോള്‍ എംഎല്‍എമാര്‍ മൂന്നു പേരായി.
മെഡിക്കല്‍ കോളജ് നോക്കിക്കണ്ട എംഎല്‍എമാരുടെ ചര്‍ച്ചയും ഉദ്ഘാടനത്തെക്കുറിച്ചായി. ഓണ്‍ലൈന്‍ ഉദ്ഘാടനവും, യോഗത്തിന്റെ സംഘാടനവും സംബന്ധിച്ച് രണ്ട് എംഎല്‍എമാരും കോന്നി എംഎല്‍എയുമായി വിശദമായി ചര്‍ച്ചനടത്തുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒരു കുറവും വരാതിരിക്കാന്‍ കോന്നി എംഎല്‍എയുടെ പൂര്‍ണ സമയ സാന്നിധ്യം ഇനിയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ കോളജില്‍ തന്നെ ഉണ്ടാകണമെന്ന ഉപദേശവും അവര്‍ നല്‍കി. ജില്ലയിലെ തന്നെ മുതിര്‍ന്ന ജനപ്രതിനിധികളുടെ സാന്നിധ്യവും, പിന്‍തുണയും തനിക്കു വളരെയധികം കരുത്തു നല്‍കുന്നതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും പറഞ്ഞു.

ഗവ. മെഡിക്കല്‍ കോളജില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതിയായി

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ മൊബൈല്‍ റെയിഞ്ചിന്റെ പ്രശ്നം പരിഹരിക്കാന്‍ നടപടിയായതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനമായതായും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിന് അനുമതി നല്‍കും. വെള്ളിയാഴ്ച തന്നെ ബിഎസ്എന്‍എല്‍ ടവര്‍ നിര്‍മാണം ആരംഭിക്കും.
ഉദ്ഘാടനത്തിനു മുന്‍പ് തന്നെ പ്രദേശത്ത് ബിഎസ്എന്‍എല്‍ കവറേജ് ലഭ്യമാക്കും. ഉദ്ഘാടനത്തിനാവശ്യമായ നെറ്റ് കണക്ഷന്‍ പ്രത്യേക കേബിളിട്ട് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സിസിടിവി സര്‍വൈലെന്‍സ്
സിസ്റ്റവും പബ്ലിക്ക് അഡ്രസ് സിസ്റ്റവും കമ്മീഷന്‍ ചെയ്തു

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയായ സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റവും പബ്ലിക്ക് അഡ്രസ് സിസ്റ്റവും (ഓഡിയോ സിസ്റ്റം) കമ്മീഷന്‍ ചെയ്തു. സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റം രാജുഏബ്രഹാം എംഎല്‍എയും പബ്ലിക്ക് അഡ്രസ് സിസ്റ്റം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമാണ് കമ്മീഷന്‍ ചെയ്തത്.
സിസിടിവി സര്‍വൈലന്‍സ് സിസ്റ്റത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ 21 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം രാത്രിയും പകലും റെക്കോഡ് ചെയ്യാന്‍ കഴിയുന്ന ആധുനിക കാമറകളാണ്. ആശുപത്രി കെട്ടിടത്തിനു പുറത്തായി അത്യാധുനിക നിലവാരത്തിലുള്ള പിറ്റിഇസഡ് കാമറകള്‍ അഞ്ച് എണ്ണമാണ് സ്ഥാപിച്ചിട്ടുള്ളത്. 360 ഡിഗ്രി റൊട്ടേറ്റ് ചെയ്യുന്ന കാമറ മെഡിക്കല്‍ കോളജ് കാമ്പസിനെ പൂര്‍ണമായും കവര്‍ ചെയ്യാന്‍ പര്യാപ്തമാണ്.
സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 59 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് സിസ്റ്റം സ്ഥാപിച്ചത്. പബ്ലിക്ക് അഡ്രസ് സിസ്റ്റം മെഡിക്കല്‍ കോളജിലെ വിവരവിനിമയത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റൂഫിംഗിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഓഡിയാ സിസ്റ്റം ഇതിന്റെ പ്രധാന ഭാഗമാണ്. ആശുപത്രിയുടെ ഓരോ ഭാഗത്തും പ്രത്യേകമായോ, പൊതുവായോ സിസ്റ്റം പ്രവര്‍ത്തനക്ഷമമാകും. തീപിടുത്തമോ, മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും ഇത് സഹായകരമാകും.
പബ്ലിക്ക് അഡ്രസ് സിസ്റ്റത്തിന് 67 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി തന്നെയാണ് പബ്ലിക് അഡ്രസ് സിസ്റ്റവും സ്ഥാപിച്ചത്. എല്ലാ ആധുനിക സൗകര്യത്തോടെയും ഒരുങ്ങുന്ന കോന്നി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ജില്ല ആരോഗ്യരംഗത്ത് കുതിച്ചു ചാട്ടം തന്നെ നടത്തുമെന്ന് രാജുഏബ്രഹാം എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടെ കോന്നിക്ക് സംസ്ഥാനത്തെ ആരോഗ്യ ഭൂപടത്തില്‍ പ്രധാന സ്ഥാനമായിരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം ജോയ് തോമസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.ജെ. അജയകുമാര്‍, ശ്യാംലാല്‍, എ. ദീപകുമാര്‍, വിജയ വില്‍സണ്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!