കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു (കോന്നി വാര്‍ത്ത ഡോട്ട് കോം )

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്‍ഡുകള്‍, കുളനട ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 13 വാര്‍ഡുകള്‍, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 15 വാര്‍ഡുകള്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 13 വാര്‍ഡുകളും ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ ഓഗസ്റ്റ് രണ്ടു മുതല്‍ ഏഴു ദിവസത്തേക്കും, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏഴ്, തിരുവല്ല നഗരസഭയിലെ വാര്‍ഡ് അഞ്ച്, എട്ട് എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴു ദിവസത്തേക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നീ സ്ഥലങ്ങളെ ഓഗസറ്റ് രണ്ടു മുതലും അടൂര്‍ നഗരസഭയിലെ വാര്‍ഡ് രണ്ട്, മൂന്ന്, 13, 14, 15, 16, 17, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മൂന്ന്, എട്ട്, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 13, 14, 21, 25, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, തിരുവല്ല നഗരസഭയിലെ വാര്‍ഡ് ഏഴ് എന്നീ സ്ഥലങ്ങളെ ഓഗസറ്റ് മൂന്നു മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

കോവിഡ് 19: ജാഗ്രതയോടെ നേരിടണം- ജില്ലാപോലീസ് മേധാവി
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മുന്നണിപ്പോരാളികളായി കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗരൂകരായി ഡ്യൂട്ടികള്‍ നിര്‍വഹിക്കണമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കിടെ സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടത് ഗൗരവത്തോടെ കണ്ടു മുന്‍കരുതലുകളോടെ കര്‍ത്തവ്യ നിര്‍വഹണം നടത്തണം. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യപ്രോട്ടോക്കോളും പാലിക്കണം. ഔദ്യോഗിക ഡ്യൂട്ടികളിലും വ്യക്തിജീവിതത്തിലും നിതാന്തജാഗ്രത പുലര്‍ത്തണം. ഇതുസംബന്ധമായി നേരത്തേയുള്ളതു കൂടാതെ കഴിഞ്ഞദിവസം സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിപ്പിച്ച നിര്‍ദേശങ്ങളും എല്ലാ പോലീസ് ഉദ്യോഗസ്ഥരും കര്‍ശനമായും പാലിക്കണം.
രോഗവുമായി ബന്ധപ്പെട്ട ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങളും, നിര്‍ദേശങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങളിലും പ്രവര്‍ത്തികമാക്കണം. ഡ്യൂട്ടി സ്ഥലങ്ങളിലേക്കും, അത്യാവശ്യകാര്യങ്ങള്‍ക്കും  മാത്രമായി യാത്രകള്‍ ചുരുക്കണം. 50 കഴിഞ്ഞവരെ   കോവിഡ് പ്രതിരോധ ഡ്യൂട്ടിക്കും, ഒന്നിലധികം അസുഖങ്ങളുള്ള, 50 ല്‍ താഴെ പ്രായമുള്ളവരാണെങ്കിലും അവരെയും ആക്റ്റീവ് ഡ്യൂട്ടികള്‍ക്ക്  നിയോഗിക്കരുതെന്നുമുള്ള  നിര്‍ദേശം  നടപ്പാക്കും. രോഗബാധ ഉണ്ടായ പോലീസ് ഉദ്യോഗസ്ഥര്‍ക്കു മികച്ച ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. ഇവരുടെ ചികിത്സയും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ ദിവസവും വിലയിരുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥരില്‍ കോവിഡ് ബാധയുണ്ടാവുന്നതും, മരണം സംഭവിക്കുന്നതും അത്യന്തം ഗൗരവത്തോടെയാണ് കാണേണ്ടത്. സുരക്ഷാക്രമീകരണങ്ങളോടുകൂടി മാത്രം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യം ഉറപ്പാക്കണം. അപകടം മുന്നില്‍കണ്ട് ഇത്തരം സാഹചര്യങ്ങളില്‍ സൂക്ഷ്മതയോടെ ജോലിചെയ്യണം. ആളുകളുമായി  ഇടപഴകേണ്ട സന്ദര്‍ഭങ്ങളില്‍ സുരക്ഷാമുന്‍കരുതലുകള്‍ എടുക്കണം. സംസ്ഥാന പോലീസ് മേധാവിയുടെ പുതിയ നിര്‍ദേശങ്ങള്‍ മനസിലാക്കി ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ താഴെത്തട്ടു വരെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഒപ്പം നിര്‍ത്തി അവരുടെ ആത്മവിശ്വാസം ഉയര്‍ത്തത്തക്കവിധം പ്രവര്‍ത്തിക്കണം. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഡ്യൂട്ടികളിലും മറ്റും ഏര്‍പ്പെടുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാപോലീസ് മേധാവി ഓര്‍മിപ്പിച്ചു.
പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ആന്റിജന്‍, ആന്റിബോഡി ടെസ്റ്റുകള്‍ നടത്തി. എറണാകുളം പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് മൂന്നിന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ആന്റിബോഡി ടെസ്റ്റ് നടക്കും.
പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടവും ഡിഎംഒ യുമായും ബന്ധപ്പെട്ട് വേണ്ടതെല്ലാം ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഇന്നലെ ഇത്തരത്തില്‍ പുറത്തിറങ്ങിയ 146 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 36 കേസുകളിലായി 42 പേരെ അറസ്റ്റ് ചെയ്തതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!