കോന്നി വാര്ത്ത ഡോട്ട് കോം : ലൈഫ് ഭവന നിര്മ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില് ഉള്പ്പെടാതെപോയ അര്ഹരായ ഗുണഭോക്താക്കളെ ഉള്പ്പെടുത്തുന്നതിനായി സര്ക്കാര് മാര്ഗരേഖ പുറപ്പെടുവിച്ചു. ഇതുപ്രകാരം ആദ്യഘട്ടത്തില് പട്ടികയില് ഉള്പ്പെടാതെപോയ ഭവനരഹിതര്ക്കും ഭൂരഹിതര്ക്കും ആഗസ്റ്റ് ഒന്നു മുതല് പതിനാലുവരെ അപേക്ഷകള് സമര്പ്പിക്കാന് അവസരം ലഭിക്കും. പൂര്ണ്ണമായും ഓണ്ലൈന് മുഖേനയാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില് സജ്ജീകരിക്കുന്ന ഹെല്പ് ഡെസ്ക്കുകള് വഴിയോ സ്വന്തമായോ അപേക്ഷകള് സമര്പ്പിക്കാം. ഒരു റേഷന് കാര്ഡില് ഉള്പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുന്പ് റേഷന് കാര്ഡ് ഉള്ളതും കാര്ഡില് പേരുള്ള ഒരാള്ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്, ഭൂരഹിത ഭവനരഹിതര് എന്നിവര്ക്കാണ് അപേക്ഷിക്കാന് കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാര്ഷിക വരുമാനം മൂന്നു ലക്ഷത്തില് താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാര്ഗരേഖയില് വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്ക്ക് നിബന്ധനകളില് ഇളവുകള് ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സര്ക്കാര് നിശ്ചയിച്ചിട്ടുള്ള ഒന്പത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില് മുന്ഗണന നിശ്ചയിച്ച് പട്ടികയില് ഉള്പ്പെടുത്തും.
ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓണ്ലൈനായി ലഭിക്കുന്ന അപേക്ഷകള് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികള് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള് അതാത് നഗരസഭാ സെക്രട്ടറിമാര്ക്കുമാണ് സമര്പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള് അതത് ജില്ലാ കളക്ടര്മാരായിരിക്കും പരിശോധിക്കുക. സെപ്തംബര് 26നകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോള് നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തില്പ്പരം വീടുകളുടെ നിര്മ്മാണം പൂര്ത്തീകരിച്ച് ഗുണഭോക്താക്കള്ക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില് ഒരു ലക്ഷത്തിലധികം ആളുകള്ക്കാണ് ഭവനമൊരുങ്ങുന്നത്.ഇതു കൂടാതെയാണ് വിട്ടുപോയ അര്ഹരായവരെ കണ്ടെത്താന് സര്ക്കാര് ഇപ്പോള് തീരുമാനിച്ചിരിക്കുന്നത്.
