കോന്നി മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോന്നി മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും : അനുവദിക്കുന്ന തസ്തികകളില്‍ പിഎസ്‌സിയില്‍ നിന്നാകും നിയമനം നടത്തുക. പിഎസ്‌സി ലിസ്റ്റില്‍ ആളുകളെ ലഭ്യമല്ലെങ്കില്‍ എംപ്ലോയ്‌മെന്റില്‍ നിന്നും എടുക്കും.ഇതര മെഡിക്കല്‍ കോളജുകളില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെയും കോന്നിയില്‍ എത്തിക്കും.

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസിന്റെയും, സൂപ്രണ്ട് ഓഫീസിന്റെയും പ്രവര്‍ത്തനം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമനെയും സൂപ്രണ്ട് ഡോ. സജിത്കുമാറിനെയും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പൂച്ചെണ്ടു നല്‍കി മെഡിക്കല്‍ കോളജിലേക്ക് സ്വാഗതം ചെയ്തു.
മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും, മെഡിക്കല്‍ കോളജുകളുടെ സ്‌പെഷല്‍ ഓഫീസറും ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നടന്ന യോഗതീരുമാന പ്രകാരമാണ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രിന്‍സിപ്പല്‍, സൂപ്രണ്ട് അക്കൗണ്ട്‌സ് ഓഫീസര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ലൈബ്രേറിയന്‍, നാല് ക്ലാര്‍ക്കുമാര്‍, ലൈബ്രറി അറ്റന്‍ഡര്‍, രണ്ട് ഓഫീസ് അറ്റന്‍ഡന്റുമാര്‍, ഒരു ഫുള്‍ ടൈം സ്വീപ്പര്‍ എന്നിവരാണ് ചുമതല ഏറ്റെടുത്തത്.

 

 

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു വന്ന ഡോ. സി.എസ്.വിക്രമനെയാണ് പ്രിന്‍സിപ്പലായി നിയമിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഡോ. സജിത് കുമാറാണ് സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ ചുമതല പ്രിന്‍സിപ്പലിനും, മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുമതല സൂപ്രണ്ടിനുമായിരിക്കും. ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നതിനും, കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും പ്രിന്‍സിപ്പല്‍, സൂപ്രണ്ട് ഓഫീസുകളുടെ ചുമതലയില്‍ നടത്തും. പ്രിന്‍സിപ്പലും, സുപ്രണ്ടും കോന്നിയില്‍ തന്നെ താമസിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കോന്നി മെഡിക്കല്‍ കോളജ് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായകമായ ചുവടുവയ്പ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതിലൂടെ നടന്നിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുകയാണ്. കോന്നി മെഡിക്കല്‍ കോളജിന് ആരോഗ്യമന്ത്രിയും, ഓഫീസും നല്‍കുന്ന പിന്‍തുണ എടുത്തു പറയേണ്ടതാണെന്നും എംഎല്‍എ പറഞ്ഞു.
ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ എംഎല്‍എയോടൊപ്പം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ തുടങ്ങിയവരും, പ്രദേശവാസികളും എത്തിച്ചേര്‍ന്നിരുന്നു.

പ്രവര്‍ത്തന പുരോഗതി എംഎല്‍എ വിലയിരുത്തി
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ കോളജില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങളെ സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്.
ജീവനക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യം ഉറപ്പുവരുത്താന്‍ ഫ്‌ളാറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി ചര്‍ച്ച നടത്തും. ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ലഭിക്കാന്‍ കഴിയത്തക്ക സൗകര്യമുള്ള സ്ഥലം തെരഞ്ഞെടുക്കാനാണ് യോഗത്തില്‍ തീരുമാനമായത്.
കാന്റീന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. അനുവദിക്കുന്ന തസ്തികകളില്‍ പിഎസ്‌സിയില്‍ നിന്നാകും നിയമനം നടത്തുക. പിഎസ്‌സി ലിസ്റ്റില്‍ ആളുകളെ ലഭ്യമല്ലെങ്കില്‍ എംപ്ലോയ്‌മെന്റില്‍ നിന്നും എടുക്കും.
ഇതര മെഡിക്കല്‍ കോളജുകളില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെയും കോന്നിയില്‍ എത്തിക്കും.
ആശുപത്രി ഉപകരണങ്ങളും ഉടന്‍ തന്നെ വാങ്ങും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷം രൂപയുടെ മരുന്നും കോര്‍പ്പറേഷന്‍ തന്നെ വാങ്ങും. ഫര്‍ണിച്ചറുകള്‍ സിഡ്‌കോയില്‍ നിന്നും വാങ്ങും. മെഡിക്കല്‍ കോളജിലേക്കുള്ള വാഹന സൗകര്യം കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തും.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ആവശ്യമായ ജീവനക്കാരെ ക്രമീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനുള്ള അവസാന രൂപമുണ്ടാക്കാന്‍ പ്രിന്‍സിപ്പലിനെയും, സൂപ്രണ്ടിനെയും യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!