സംരംഭം തുടങ്ങാൻ വലിയ നിക്ഷേപം നടത്തിയിട്ട് ചെറിയ സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിക്കാഞ്ഞതിനാൽ സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവം അപലപനീയമാണ്.ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തില്‍ ഒരു സര്‍ക്കാര്‍ ഓഫീസിൽ നിന്നും ബുദ്ധിമുട്ടനുഭവിക്കാത്ത ആരെങ്കിലും കേരളത്തില്‍ ഉണ്ടോ?
ചെറുകിട സംരംഭകർക്ക് 4 Tips – God Bless സംരംഭകർ !
————————————————————
കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ജോലി ചെയ്ത് ഒരു സംരംഭകനാവാനുള്ള വ്യവസായ ആവശ്യത്തിനായി പണം മുടക്കിയ ശേഷം വിവിധ സാങ്കേതിക കാരണങ്ങളാൽ സർക്കാർ തദ്ദേശ ഭരണ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കാതെ സംരംഭങ്ങൾ മുടങ്ങുന്നതും, സംരംഭകരുടെ ദാരുണമായ തകർച്ചയും ഒറ്റപ്പെട്ട സംഭവങ്ങളായി കേരളത്തിൽ നടക്കുന്നുണ്ട്. ഐ ടി കമ്പനിക്കുള്ള ഓഫീസ്, ഉദ്യോഗാർത്ഥികൾക്ക് താമസ സൗകര്യം, പാർക്കിംഗ്, റിക്രിയേഷൻ സൗകര്യം എന്നിവയൊരുക്കി ഒരു ചെറിയ ഐ ടി പാർക്ക് മൂന്ന് വർഷം മുൻപ് ഞാൻ നിർമ്മിച്ചു. നിർമ്മാണം പൂർത്തീകരിച്ച ശേഷം ഏകദേശം ആറു മാസം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിട്ടാണ് ബന്ധപ്പെട്ട അനുമതി രേഖകൾ ലഭ്യമായത്. കഴിഞ്ഞ ആറു വർഷമായി ഒരു സംരംഭകനെന്ന നിലയിൽ പ്രവർത്തി പരിചയം നേടിയ അനുഭവപാഠങ്ങളിൽ നിന്നും ചെറുകിട സംരംഭകർ പ്രധാനമായും ശ്രദ്ധിക്കേണ്ട 4 ടിപ്സ് പങ്കു വെക്കുന്നു.
പ്രധാന കഥാപാത്രങ്ങൾ – പഞ്ചായത്ത്, വില്ലേജ്, ലേബർ ഓഫീസ്, ടാക്സ്, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ
1. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ബുദ്ധിരഹിതമായ സാങ്കേതിക കാരണങ്ങൾ പോലും നിയമവശങ്ങളുടെ പേരിൽ വളച്ചൊടിച്ച് അനുമതികൾ മനഃപൂർവ്വം വൈകിപ്പിക്കാനുള്ള സാധ്യതയുണ്ട്. ചിലർ കൈക്കൂലി ആവശ്യപ്പെട്ടേക്കാം. ചില രാഷ്ട്രീയ ഇടനിലക്കാർ ഇവരോടൊപ്പം ചേർന്ന് കൈക്കൂലി ബ്രോക്കർമാരാവാനും ശ്രമിക്കും. സത്യസന്ധരായ മറ്റു ചില രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരോട് നമ്മുടെ വിഷയം പരിഹരിക്കാൻ ആത്മാർത്ഥമായി ആവശ്യപ്പെടും, പക്ഷെ ‘എങ്ങിനെ ബുദ്ധിമുട്ടിക്കാം’ എന്ന മനഃസ്ഥിതിയുമായി മാത്രം പ്രവർത്തിച്ച് ഒരു തരം ആനന്ദം ആസ്വദിക്കുന്ന ചില ഉദ്യോഗസ്ഥർ അത്തരം രാഷ്ട്രീയ നേതാക്കളെ അനുസരിക്കില്ല. തങ്ങൾ ഏതോ ഉയർന്ന ആൾക്കാരാണ് എന്ന രീതിയിലുള്ള വെറുപ്പിക്കുന്ന പെരുമാറ്റ ശൈലിയും ഇക്കൂട്ടരുടെ മുഖമുദ്രയാണ്. നിരുപദ്രവകരമായ ചെറിയ സാങ്കേതിക പിഴവുകളെപ്പോലും ചൂണ്ടിക്കാട്ടി അനുമതികൾ തടഞ്ഞു വെക്കും. സർക്കാർ ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കും. ഭൂരിഭാഗം ദിവസങ്ങളിലും മണിക്കൂറുകളോളം സർക്കാർ ഓഫീസിൽ വെയിറ്റ് ചെയ്യേണ്ടി വരും. മിക്കവാറും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ഓഫീസിലുണ്ടാവില്ല. ‘ഇന്റർനെറ്റില്ല, കമ്പ്യൂട്ടർ കേടാണ്, മേലുദ്യോഗസ്ഥൻ വന്നിട്ടില്ല, ഫയൽ മറ്റേ ഓഫീസറുടെ ഡെസ്കിലാണ്, അടുത്താഴ്ച വരൂ, സാറ് ഫീൽഡ് വിസിറ്റിനു പോയിരിക്കുവാണ്, ഓഫീസർ അവധിയിലാണ്, ഉദ്യോഗസ്ഥൻ സ്ഥലം മാറി, പുതിയ ആൾ ചാർജെടുത്തിട്ടില്ല, വാഹനവുമായി നാളെ വരൂ, ഇലക്ഷൻ കഴിഞ്ഞിട്ട് വരൂ, കറണ്ടില്ല’ തുടങ്ങി ഒട്ടനവധി കീറാമുട്ടികൾ പറഞ്ഞു നടത്തിക്കും.
(Tips – വ്യവസായത്തിനാവശ്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് പഞ്ചായത്തിലും, വില്ലേജിലും ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരെ നേരിട്ടു കാണുക. എല്ലാ കെട്ടിട നിർമാണ ചട്ടങ്ങളും, നിയമ നിർദേശങ്ങളും ആദ്യം തന്നെ വ്യക്തമായി മനസിലാക്കുക. എല്ലാം കൃത്യമായി പാലിച്ചാലും കുറച്ചൊക്കെ നടക്കേണ്ടി വരാൻ മാനസികമായി തയ്യാറെടുക്കുക)
2. ആത്മാർത്ഥത കുറച്ചു ‘കൂടുതലായി’ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് ലേബർ ആഫീസ്. അവരുടെ നിയമപ്രകാരം പല വിധത്തിലുള്ള രെജിസ്റ്റർ ബുക്കുകളൊക്കെ കമ്പനിയിൽ കൃത്യമായി സൂക്ഷിക്കണം. ജീവനക്കാരുടെ തൊഴിൽ പ്രവർത്തി വിഷയങ്ങളിൽ സ്വാഭാവികമായും ഉയർന്നു വരാറുള്ള വ്യാജ പരാതികളൊക്കെ കൂടുതലും ഇവർക്കായിരിക്കും ലഭിക്കുക. നിശ്ചിത ഇടവേളകളിലായി ‘അന്വേഷണം’ നടത്താൻ ആവേശത്തോടെ ഓടിയെത്തും.
(Tips – വ്യവസായം തുടങ്ങുന്നതിന് മുൻപ് തന്നെ ലേബർ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമുള്ള എല്ലാ രേഖകളും, രെജിസ്റ്റർ ബുക്കുകളും മനസിലാക്കുക. ജീവനക്കാർ സംബന്ധിച്ച് എന്തു വിഷയം ഉണ്ടായാലും ലേബർ ഓഫീസിൽ യഥാസമയമോ, മുൻകൂറായോ രേഖാമൂലം വിശദീകരണവും, വിവരങ്ങളും അറിയിക്കുന്നത് ഉപകരിച്ചേക്കാം)
3. ബിസിനസ് ഒന്നു പച്ച പിടിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും നാലാളറിയും. പത്ര റിപ്പോർട്ടും, അവാർഡുകളുമൊക്കെ കിട്ടിയാൽ തൊട്ടു പിന്നാലെ ടാക്സ്, പി എഫ്, ഇ എസ് ഐ തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ കത്തുകൾ ലഭിച്ചു തുടങ്ങും.
(Tips – വ്യവസായം തുടങ്ങുന്നതിന് മുൻപ് തന്നെ ടാക്സ്, പി എഫ്, ഇ എസ് ഐ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ട് പാലിക്കേണ്ട എല്ലാ നടപടികളും മനസിലാക്കുക. പ്രസ്തുത വിവരങ്ങൾ കൃത്യമായി ബോധ്യമുള്ള, മാറി വരുന്ന നിയമങ്ങൾ പഠിച്ച് പുത്തന്‍ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ നിയമിക്കുക)
4. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും പിരിവിനു ലക്ഷ്യമിടും. കമ്പനിക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവുന്ന തരത്തിൽ രാഷ്ട്രീയക്കാരുടെ ഇടപെടലൊന്നും പ്രതീക്ഷിക്കണ്ട. പണപ്പിരിവിന് വേണ്ടി മാത്രമാവും അവരുടെ കമ്പനി സന്ദർശനം. ജീവനക്കാരുടെ തൊഴിൽ സമയം തടസപ്പെടുത്തരുതെന്നോ, സമയബന്ധിതമായി പൂർത്തിയാക്കേണ്ട അടിയന്തിരമായ ജോലിത്തിരക്കിലാണന്നോ, ജോലി സമയം മുടങ്ങിയാൽ തൊഴിലിൽ മെച്ചപ്പെടാൻ സാധിക്കില്ലെന്നോ, യഥാസമയത്ത് ജോലി പൂർത്തീകരിച്ചില്ലെങ്കിൽ കമ്പനിക്ക് വരുമാനം ലഭിക്കില്ലെന്നോ ഒന്നും അവർക്ക് അറിയില്ല. ഭൂരിഭാഗം രാഷ്ട്രീയക്കാരും പ്രൊഫഷണൽ രീതിയിൽ എന്തെങ്കിലും തൊഴിൽ ചെയ്തുള്ള മുൻപരിചയമില്ലാത്തതിനാലാവാം അവർക്ക് തോന്നുന്ന സമയത്താണ് വരവ്. മിക്കവാറും തൊഴിൽ സമയങ്ങൾ മുടക്കിയാവും പിരിവ് സന്ദർശനം. പ്രതീക്ഷിച്ച തുക നൽകിയില്ലെങ്കിൽ ചിലർ മണിക്കൂറുകളോളം നിന്ന് വാചക കസർത്ത് നടത്തിക്കളയും. മറ്റു ചിലർ വെറുപ്പ് പ്രകടമാക്കി വാക്ക്ഔട്ട് നടത്തും.
(Tips – എല്ലാ രാഷ്ട്രീയപാർട്ടികൾക്കും കമ്പനിയുടെ അവസ്ഥയും താങ്ങാനാവുന്ന പിരിവ് തുകയൊക്കെ ബോധ്യപ്പെടുത്തി ഒരു കത്തു നൽകുക. ദയവായി ഓഫീസിലെ ഫോൺ നമ്പറിൽ നേരത്തെ ഒന്നു വിളിച്ച് ജോലി സമയം മുടക്കാതെ ഒഴിവുള്ള സമയം നോക്കി ഒരു മീറ്റിംഗ് സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷം ഓഫീസിലേക്ക് വരാൻ അപേക്ഷിക്കുക. സാമാന്യബോധമുള്ളവർ പാലിച്ചേക്കാം! )
ഐ ടി പാർക്കുകൾക്കോ, വ്യവസായ പാർക്കുകൾക്കോ പുറത്തായി പ്രാദേശികമായി ഒരു സ്ഥാപനം പടുത്തുയർത്താൻ ശ്രമിക്കുമ്പോഴാണ് ഇത്തരം തടസ്സങ്ങളേറെയും. ഐ എ എസ് ഓഫീസർ മുതൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ വരെയുള്ളവരുമായി ഇടപെട്ട അനുഭവങ്ങളിൽ നിന്നും മനസിലായ രണ്ടു കാര്യങ്ങളുണ്ട്.
1. നമ്മുടെ നാട്ടിലെ 99% രാഷ്ട്രീയക്കാരും പുരോഗമന മനസ്കരാണ്. പ്രായോഗികമായ പുതിയ ആശയങ്ങളും, അവസരങ്ങളും നടപ്പാക്കാൻ അവർ ആവേശഭരിതരാണ്, തത്പരരാണ്. അഴിമതി വിഷയങ്ങളിൽ രാഷ്ട്രീയക്കാരെ മുഴുവനായും പഴിചാരുന്നതിൽ അർത്ഥമില്ല.
2. തടസങ്ങളും, താമസങ്ങളും വരുത്തുന്നത് അമിത കാർക്കശ്യവും, അലസതയും, അഴിമതിയും പാലിച്ച് കാര്യതാമസവും വിളംബവും വരുത്തുന്ന ‘ചില’ സര്‍ക്കാരുദ്യോഗസ്ഥരാണ്.
നമ്മുടെ യുവതലമുറകളെ മികച്ച സർക്കാർ ഉദ്യോഗസ്ഥരാക്കാൻ പ്രാപ്തരാക്കുന്ന പ്രൊഫഷണൽ സമീപനം ഉണ്ടായെങ്കിൽ മാത്രമേ സമീപ ഭാവിയിൽ എല്ലാ മേഖലകളിലും ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള നിക്ഷേപങ്ങൾ ആകർഷിച്ച് തൊഴിലില്ലായ്മയും, ഉയർന്ന വരുമാനമുള്ള തൊഴിലവസരങ്ങളുടെ അഭാവവും പരിഹരിക്കാൻ സാധിക്കൂ
( കടപ്പാട്: )
വരുണ്‍ ചന്ദ്രന്‍ (യുവ സംരംഭകന്‍, Executive Director at Corporate360 )