മലകയറ്റം: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ഭക്തരുടെ ആരോഗ്യരക്ഷയ്ക്ക് ഉന്നത നിലവാരത്തിലുള്ള
സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്

ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്.
പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളിലും ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഡോ.ജി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രണ്ട് കാര്‍ഡിയോളജിസ്റ്റുകളുള്‍പ്പെടെ 10 ഡോക്ടര്‍മാരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. നാല് ഫാര്‍മസിസ്റ്റ്, ഒരു സ്റ്റോര്‍കീപ്പര്‍, ആറ് നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം അയ്യപ്പന്മാരുടെ ആരോഗ്യത്തിനായി സദാ കര്‍മ്മനിരതമായുണ്ട്.

പ്രഥമ ശുശ്രൂഷയ്ക്ക് 15 എമര്‍ജന്‍സി സെന്ററുകള്‍

ശബരിമല:പമ്പമുതല്‍ സന്നിധാനം വരെയും കരിമലയിലുമായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇവിടെ പരിശീലനം സിദ്ധിച്ച നെഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും അയ്യപ്പസേവാ സംഘം വോളന്റിയര്‍മാരുടെയും സേവനം ലഭിക്കും. അസുഖം ബാധിക്കുന്ന അയപ്പന്മാര്‍ക്ക് ഈ സെന്ററുകളില്‍ വെച്ച് അടിയന്തിര വൈദ്യസഹായം നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റും. ഓരോ സെന്ററിലും നാലുപേരടങ്ങുന്ന സംഘം വീതം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തിര
ചികില്‍സയ്ക്കായി ആറ് സെന്ററുകളില്‍ ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ (എ.ഇ.ഡി) മെഷിനും ലഭ്യമാണ്.

അസുഖം ഗുരുതരമാകുന്നര്‍ക്കായി ആംബുലന്‍സ് സൗകര്യവും

ശബരിമല: സന്നിധാനത്തുവെച്ച് ഗുരുതരമായ രീതിയില്‍ അസുഖം മൂര്‍ഛിക്കുന്നവരെ പെട്ടെന്ന് പമ്പയില്‍ എത്തിക്കാന്‍ സന്നിധാനത്തെ ആശുപത്രിയില്‍ ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ സട്രെച്ചറും, ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ അടക്കമുളള സൗകര്യങ്ങളും ഉണ്ട്.

പ്രതിദിനം ആയിരത്തോളം പേര്‍ ചികില്‍സയ്ക്ക് എത്തുന്നു

ശബരിമല: മണ്ഡലകാലം തുടങ്ങി ഇതേവരെ ശരാശരി പ്രതിദിനം 700 ഓളം പേര്‍ ചികില്‍സയ്ക്ക എത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത് 1000-1500 വരെയായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. കഴിഞ്ഞവര്‍ഷം 2.5 വര്‍ഷം അയ്യപ്പന്മാരാണ് ചികില്‍സ തേടിയത്. തൊട്ടുമുന്‍വര്‍ഷം ഇത് 2.15 ലക്ഷമായിരുന്നു. പനി, മുട്ടുവേദന, മൂക്കൊലിപ്പ്, കാല്‍വേദന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഭക്തര്‍ കൂടുതലും ചികില്‍സ തേടുന്നത്.

മലകയറ്റം: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍
1. ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം.
2. ചുരുങ്ങിയത് മൂന്നവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്നുകഴിക്കുന്നവര്‍ മലകയറുന്നതിനുമുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തി ഹൃദയ സംബന്ധമായ തകരാര്‍ ഇല്ലെന്ന് ഉറപ്പാക്കണം.
3. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍
നിര്‍ത്തരുത്.
4.ഉച്ചത്തില്‍ ശരണം വിളിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ശേഷി
വര്‍ധിക്കുകയാണ്.വ്രതാനുഷ്ഠാന വേളയിലും മലകയറുമ്പോളും
ശരണം വിളി ശീലമാക്കുക.

5. മലകയറ്റത്തിനായി വരുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച മെഡിക്കല്‍ റെക്കോര്‍ഡ്‌സും കൂടെ കരുതുക.

6. ശബരിമലയില്‍ തിരക്കുകുറഞ്ഞ സമയത്താണ് മലകയറ്റത്തെ തുടര്‍ന്നുള്ള ഹൃദയാഘാത മരണം കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയം വേഗത്തില്‍ മലകയറുന്നതാണ് കാരണം. വളരെ സാവധാനം ആവശ്യത്തിന് സമയമെടുത്ത് മലകയറുക.

7. നടക്കുമ്പോള്‍ നെഞ്ചുവേദന, തലകറക്കം, ശ്വാസം മുട്ടല്‍ തുടങ്ങിയവ ഉണ്ടായില്‍ വിശ്രമിക്കുക. ചികില്‍സ തേടുക.

പ്‌ളാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ
കേന്ദ്രമാക്കണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: ഇരുമുട്ടികെട്ടിലും അല്ലാതെയും കൊണ്ടുവരുന്ന പ്‌ളാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ പരിപൂര്‍ണ്ണ വിശുദ്ധിയുളള കേന്ദ്രമാക്കി മാറ്റാന്‍ ഭക്തജനങ്ങള്‍ പ്രതിജ്ഞച്ചെയണമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തും ശബരിമലയില്‍ മറ്റിടങ്ങളിലുമുളള പ്‌ളാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും, ബാനറുകളും ഘട്ടംഘട്ടമായി പൂര്‍ണ്ണമായി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. പൂണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് നടത്തിയ ശുചീകരണയജ്ഞ്ത്തിന് തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിനും സന്നദ്ധസേവകര്‍ക്കുമൊപ്പം ഭക്തജനങ്ങളുടെയും പരിപൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമെ പ്‌ളാസ്റ്റിക് വിരുദ്ധക്യാംപെയിന്‍ വിജയിക്കുളളൂ.ശബരിമലയിലെ റോപ്‌വേ പദ്ധതിയെ സംബന്ധിച്ച് അടുത്തബോര്‍ഡ് മീറ്റിങ്ങ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണര്‍ എം.മനോജ്, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ പി.കെ.മധു, പുണ്യം പൂങ്കാവനം ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

സന്നിധാനത്തെയും പരിസരത്തെയും പതിമൂന്ന് മേഖലകളാക്കി തിരിച്ച് ഓരോമേഖലയുടെയും ചുമതല ഓരോ വിഭാഗത്തെ ഏല്പിച്ചാണ് ശൂചീകരണ ക്യാംപെയിന്‍ നടത്തിയത്. സന്നിധാനത്തെ പോലീസ് സേനാംഗങ്ങള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സേനാംഗങ്ങള്‍, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ഫയര്‍ബ്രിഗേഡ്, അയ്യപ്പസേവാ സമാജം. അയ്യപ്പസേവാസംഘം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിലെ ഡ്യൂട്ടിയിലുളള ജീവനക്കാര്‍ ഉള്‍പ്പെടെ നാനൂറ്റി അന്‍പതോളം പേര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.

പമ്പയില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി

ശബരിമല: പമ്പയില്‍ റയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി. ഇന്ത്യയില്‍ എവിടെ നിന്നും എവിടേയ്ക്കും ഈ കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്. തത്കാല്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും.പമ്പാ ആഞ്ജനേയ ആഡിറ്റോറിയത്തിനടുത്തു ധനലക്ഷമി ബാങ്കിനരുകിലുളള ദേവസ്വം ബോര്‍ഡ് കെട്ടിടത്തിലാണ് റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെയാണ് റിസര്‍വേഷന്‍ സമയം. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഹൈദ്രാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ ദക്ഷിണേന്ത്യന്‍ തലസ്ഥാനങ്ങളിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകളുമുണ്ട്. റിസര്‍വേഷന്‍ ചെയ്യുന്നതിനും ട്രെയിന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കുമായി പമ്പാ റയില്‍വേ കൗണ്ടറിന്റെ സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് സൂപ്പര്‍വൈസര്‍ എം.വി.ബിജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!