ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി : അമ്പലം വിഴുങ്ങികളെ പിടികൂടുവാന്‍ വിജിലന്‍സ്

അമ്പലം വിഴുങ്ങികളായ ദേവസ്വം ജീവനക്കാരെ കയ്യോടെ പിടികൂടാന്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം വിജിലന്‍സ് വിഭാഗത്തെ ശക്തിപെടുത്തി വരുമാനം കൂടുതല്‍ ഉള്ള ക്ഷേത്ര ങ്ങളില്‍ അടിക്കടി പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കുന്നു .ആദ്യ പടിയായി തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രസിഡണ്ട്‌ ,മെമ്പര്‍ എന്നിവരെ പുതിയതായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ മറ്റ് ദേവസ്വം ബോര്‍ഡില്‍ കൂടി കൈ കടത്തുന്നു .ഏറെ നാളായി ദേവസ്വം വിജിലന്‍സ് വിഭാഗം നിര്‍ജീവമായിരുന്നു .ശബരിമല തീര്‍ഥാടന കാലത്ത് ശബരിമലയില്‍ സജീവ മാകുന്ന വിജിലന്‍സ് വിഭാഗത്തെ ശക്തി പെടുത്തി മറ്റ് വരുമാനം ഉള്ള ക്ഷേത്ര ങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ക്കുവാന്‍ ആണ് അടുത്ത നടപടി .അഴിമതിക്കാരായ ഒരു വിഭാഗം ജീവനക്കാരുടെ പട്ടിക വിജിലന്‍സ് വിഭാഗം തയാറാക്കി .ഇവരുടെ കുടുംബ ആസ്തി ,ബാധ്യത ,ശമ്പളം,മറ്റ് വരുമാനം എന്നിവയുടെ പട്ടിക ദേവസ്വം വിജിലന്‍സ് പരിശോധിക്കും .ഇപ്പോള്‍ ഉള്ള ആസ്തി കണക്കാക്കി കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ അക്കാര്യം ദേവസ്വം വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്യും .കരാറുകാരുമായി ചേര്‍ന്ന് ബില്ലില്‍ കൃത്രിമം കാണിച്ചാല്‍ ഉടന്‍ പിടിവീഴും .
സംസ്ഥാന സര്‍ക്കാര്‍ ദശലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അല്ലാതെ അമ്പലം വിഴുങ്ങികളോടൊപ്പമല്ലെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ചില അമ്പലം വിഴുങ്ങികളും അമ്പലം കൊണ്ട് ജീവിക്കുന്നവരുമായ ചില ആളുകള്‍ക്ക് കുറച്ച് വിഷമമുണ്ടാക്കിയിട്ടുണ്ട്. അവരുടെ വിഷമം സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല. അമ്പലങ്ങളില്‍ തങ്ങളുടെ ജീവിത ദുരിതങ്ങളും പ്രയാസങ്ങളും എല്ലാം ഇറക്കി വയ്ക്കാന്‍ വരുന്നവരാണ് ദശലക്ഷക്കണക്കിനുളള ഭക്തര്‍. സങ്കടം പറയാനാണ് അവര്‍ ക്ഷേത്രത്തില്‍ വരുന്നത്. അവര്‍ക്ക് ശാന്തിയും സമാധാനവുമാണ് ക്ഷേത്രങ്ങളില്‍ ഉണ്ടാകേണ്ടത്. ഇങ്ങനെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോടാണ് സര്‍ക്കാരിന്റെ താല്‍പര്യം. അല്ലാതെ ക്ഷേത്രത്തിന്റെ സൗകര്യം ഉപയോഗിച്ച് ക്ഷേത്ര മുതല്‍ കൊള്ളയടിച്ച് അമ്പലം വിഴുങ്ങിക്കഴിയുന്നവരോടല്ല സര്‍ക്കാരിനു കടപ്പാടുള്ളത്, ഭക്തജനങ്ങളോടാണ്. 17 മാസം കൊണ്ടു കേരളത്തിലുണ്ടായിട്ടുള്ള വലിയ മാറ്റം പൊതുസമൂഹം കാണുന്നുണ്ട്. ഈ പൊതുസമൂഹത്തിന്റെ താല്‍പര്യമാണ് സര്‍ക്കാരിനുള്ളത്.
നല്ല കഴിവുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്നത്. അവരുടെ കഴിവുകളെ ഉപയോഗിക്കാന്‍ മുന്‍ കാലങ്ങളില്‍ സാധിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഉദ്യോഗസ്ഥരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി സുതാര്യവും അഴിമതി രഹിതവുമായ ഭരണം ശബരിമലയ്ക്ക് സംഭാവന ചെയ്യാനും 305 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയുടെ പരിശുദ്ധിയും പ്രകൃതി സൗന്ദര്യവും ഉള്‍പ്പെടെ എല്ലാ നല്ല മൂല്യങ്ങളെയും സംസ്‌കൃതിയെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിന് പുതിയ ദേവസ്വം ബോര്‍ഡിനൊപ്പം സംസ്ഥാന സര്‍ക്കാരുണ്ടാകുംഎന്നും മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!