ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

ശബരിമല: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയുമായ സുധേഷ് കുമാര്‍ സന്നിധാനത്ത് പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെയും സമീപ പ്രദേശത്തെയും വ്യോമ നിരീക്ഷണത്തിന് ആളില്ലാ വിമാനങ്ങള്‍(ഡ്രോണ്‍) ഇത്തവണ ഉപയോഗിക്കും. 72 സി.സി. ടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കും.  ഇതര സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് സുരക്ഷാ സഹകരണം ഉറപ്പാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഇതര സംസ്ഥാന തീര്‍ഥാടകരുടെ സുരക്ഷയില്‍ കേരള പോലീസിനെ സഹായിക്കും. സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള രണ്ട് ഐ.ജി.മാരിലൊരാള്‍ എല്ലാ ആഴ്ചയും സന്നിധാനത്തെത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടിയന്തര സാഹചരങ്ങള്‍ നേരിടുന്നതിന് ആര്‍.പി.എഫിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിക്കുമെന്നും എ.ഡി.ജി.പി. സുധേഷ് കുമാര്‍ പറഞ്ഞു. ഐ.ജിമാരായ മനോജ് എബ്രഹാം, പി.വിജയന്‍, ലെയ്‌സണ്‍ ഓഫീസര്‍ എന്‍.വിജയകുമാര്‍ എന്നിവരും എ.ഡി.ജിപിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!