പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന്

 
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാനാവും. ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4, 96, 354 വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവെര അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് പുതിയ അപേക്ഷ നല്‍കാം. സ്‌പോര്‍ട്‌സ് ക്വാട്ട, സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 20ന് രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ജൂണ്‍ 20നും 21നും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!